ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച് കരുണ്‍ നായര്‍

സേവാഗിനു ശേഷം ട്രിപ്പിള്‍ നേടുന്ന ഇന്ത്യക്കാരനായി ഈ മലയാളി

സാക്ഷാല്‍ സച്ചിനും ഗവാസ്‌കറിനും നേടാനാകത്ത നേട്ടം

ടെസ്റ്റില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും നേടുന്ന ആദ്യ മലയാളി എന്ന നേട്ടം ആഘോഷിച്ച് കഴിയുന്നതിനു മുന്‍പേ സന്തോഷം മൂന്നിരട്ടിയാക്കി മലയാളികളുടെ കരുണ്‍നായര്‍. കരിയറിലെ മൂന്നമത്തെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി. ആരും കൊതിക്കുന്ന നേട്ടത്തിലാണ് ഈ മലയാളി.രഞ്ജിട്രോഫിയില്‍ കര്‍ണാടകത്തിനു വേണ്ടി കളിക്കുന്ന താരം ചെങ്ങന്നൂര്‍ സ്വദേശിയാണ്. കോഹ്ലി പുറത്തായപ്പോള്‍ ക്രീസിലെത്തിയ കരുണ്‍ ലോകേഷ് രാഹുല്‍, അശ്വിന്‍, ജഡേജ എന്നിവരോടൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഇന്ത്യയ്ക്ക് നിര്‍ണ്ണായക ലീഡും സമ്മാനിച്ചു. 303 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചു കൂട്ടിയത്. 32 ബൗണ്ടറികളും നാലു സിക്സറുകളും പറത്തിയ മികവില്‍ ഇന്ത്യ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കി. 7ന് 759 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇനിങ്ങ്സ് ഡിക്ലയര്‍ ചെയ്തു.

വീരേന്ദ്ര സേവാഗിനു ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനാണ് നമ്മുടെ നായര്‍. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ, ലക്ഷ്മണ്‍ തുടങ്ങിയവര്‍ക്കൊന്നും എത്തിപിടിക്കാനാവാത്ത നേട്ടമാണ് കരുണ്‍ അടിച്ചെടുത്തത്. 185 പന്തില്‍ സെഞ്ച്വറി കുറിച്ച കരുണ്‍ 306 പന്തില്‍ ഡബിളും 381 പന്തില്‍ ട്രിപ്പിളും തികച്ചു. എതിരാളികള്‍ക്ക് ഒരവസരവും കൊടുക്കാതെ മികച്ച രീതിയിലാണ് കരുണ്‍ ഇന്നിങ്ങ്സ കെട്ടിപടുത്തത്.

ചെങ്ങന്നൂര്‍ സ്വദേശികളായ കലാധരന്‍ നായരുടേയും പ്രേമാ നായരുടേയും മകനാണ് കരുണ്‍. ആറന്‍മുള വള്ള സദ്യയ്ക്കിടെ പമ്പാനദിയില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് ഈ മറുനാടന്‍ മലയാളി രക്ഷപ്പെട്ടത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തുടങ്ങിയ ടീമുകള്‍ക്കായി കരുണ്‍ കളിച്ചിട്ടുണ്ട്. ഇന്നത്തെ മാന്ത്രിക പ്രകടനത്തിലൂടെ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കരുണിനാകും.