വനിതകള്‍ക്ക് അപമാനം : ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധം

വനിതാനേതാക്കളെ സ്ഥിരമായി അപമാനിക്കുന്നുവെന്ന് പരാതി

അപമാനത്തില്‍ പ്രതിഷേധിച്ച് അഡ്വ. നൂര്‍ബീന റഷീദ് ഇറങ്ങിപ്പോയി

സ്ത്രീകള്‍ ഇരിക്കേണ്ടിടത്ത് ഇരിക്കണമെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍

-വികാസ് രാജഗോപാല്‍-

വനിതാ നേതാക്കളെ സ്ഥിരമായി അപമാനിക്കുന്ന മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു. കോഴിക്കോട് നടന്ന മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയെ അധിക്ഷേപിച്ചതിന് പിന്നാലെ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെയും അപമാനിച്ചതാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.

കഴിഞ്ഞദിവസം മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി അറേബ്യ ഘടകം കോഴിക്കോട്ട് സംഘടിപ്പിച്ച ജീവകാരുണ്യ സഹായ വിതരണ ചടങ്ങിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമത്തിലാണ് സംഭവം ഉണ്ടായത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ രാവിലെത്തെ പ്രവാസി സെഷനില്‍ വേദിയില്‍ വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബീന റഷീദിനെയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. അതില്‍ പങ്കെടുക്കാനായാണവര്‍ എത്തിയത്. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരാണ് സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയത്.

സ്ത്രീകള്‍ ഇരിക്കേണ്ടിടത്ത് ഇരിക്കണം. സ്ത്രീകളെ വേദിയിലേക്ക് ക്ഷണിച്ച സംഘാടകരെയാണ് കുറ്റം പറയേണ്ടതെന്നും ഇദ്ദേഹം പറഞ്ഞപ്പോള്‍ ചില പ്രതിനിധികള്‍ കയ്യടിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധാര്‍ത്ഥം നൂര്‍ബീന റഷീദ് വേദി വിട്ടിറങ്ങിയത്. ഇവര്‍ക്കൊപ്പം വനിതാ ലീഗ് നേതാവ് കൂടിയായ പി. കുല്‍സു ടീച്ചറും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ലീഗ് വേദികളില്‍ സ്ത്രീകളെ നിരന്തരം വേട്ടയാടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പലരും വിലയിരുത്തുന്നു. ഇതിലുള്ള പ്രതിഷേധം വരും ദിവസങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്.

അടുത്തിടെ കോഴിക്കോട് സമാപിച്ച യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാനമായ സംഭവം ഉണ്ടായിരുന്നു. കെ.എം. ഷാജി എം.എല്‍.എ സംസാരിച്ച ശേഷം പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വറിനെ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി വിലക്കുകയായിരുന്നു.

ലീഗ് വേദിയില്‍ ആണുങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന പതിവില്ലെന്ന് പറഞ്ഞാണ് ഖമറുന്നിസ അന്‍വറിനെ മായിന്‍ ഹാജി വിലക്കിയത്. ഈ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വലിിയ വിവാദം ഉയര്‍ന്നിരുന്നു.