പോലീസിനെ ചൊല്ലി സി.പി.എമ്മില്‍ കലാപം 

പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്ക്

പോലീസിന്റെ തോന്ന്യാസങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടിയേരി

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തരുത്. 

പാവങ്ങളെ പേടിപ്പിച്ചാകരുത് പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടതെന്ന് വി.എസ്. 

-നിയാസ് കരീം-

വി.എസ്. അച്യുതാനന്ദന് പിന്നാലെ പോലീസ് നയത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പോലീസുദ്യോഗസ്ഥന്മാരുണ്ട്. അവര്‍ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്താന്‍ പാടില്ല. എഴുത്തുകാരനായ കമാല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുത്തത് പോലീസിന്റെ തോന്ന്യാസമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും സുഹൃത്തിനുമെതിരെ പോലീസ് ക്രൂരമായ മര്‍ദ്ദനം നടത്തിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ ഭരണകക്ഷിയായ സി.പി.എമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സൂചിപ്പിക്കുന്നത.

കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരെ ഗുണ്ടാനിയമം ചുമത്തിയതിനെതിരെ കോടിയേരി നേരത്തെ രംഗത്തു വന്നിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും പോലീസ് നയത്തിന്റെ കാര്യത്തില്‍ രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാണ്ട് ഒരു മാസം തികഞ്ഞ വേളയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പോലീസ് സ്‌റ്റേഷന് അകത്ത് കയറി പ്രതിഷേധിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജയരാജന്റെ നടപടിയെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

പാര്‍ട്ടി അധികാരത്തിലെത്തി ഒരു വര്‍ഷം ആകുന്നതിന് മുമ്പു തന്നെ പാര്‍ട്ടിയും സര്‍ക്കാരും പോലീസ് നയത്തിന്റെ പേരില്‍ കലഹിക്കുന്നത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് പാര്‍ട്ടിയിലെ പ്രമുഖര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര പോലീസ് സ്‌റ്റേഷനില്‍ ഡി.വൈ.എഫ്.ഐ നേതാവ് എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വാഹന പരിശോധനക്കിടെ പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് സ്‌റ്റേഷനിലെത്തി പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. സ്റ്റേഷന്റെ മുറ്റത്തു നിന്ന് എസ്.ഐയോട് സംസാരിക്കുകയാണെന്ന വ്യാജേന പോലീസുകാരെ തെറി വിളിച്ച അനസ് അലി എന്ന ഡി.വൈ.എഫ്.ഐ നേതാവിനും അനുയായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പണ്ട കാലങ്ങളിലെ പോലെ പോലീസ് സ്‌റ്റേഷന്‍ ഭരണത്തിന് സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കുരുക്കിട്ടതോടെയാണ് പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥകളെന്ന് പിണറായിയുടെ അനുയായികള്‍ പറയുന്നു. എന്തായാലും പോലീസ് നയത്തിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ ചേരിപ്പോരും ചെറിവാരി എറിയലും ആരംഭിച്ചു കഴിഞ്ഞു.