പി. പത്മകുമാറിന്റെ ഘര്‍വാപ്പസിക്ക് പിന്നില്‍ നടന്നത്‌

കഴിഞ്ഞ വർഷം അവസാനത്തോടെ സംസ്ഥാനത്തെ നേതൃത്വത്തെ ഞെട്ടിച്ച് സി.പി. ഐ എമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ച ആർ. എസ് എസ് നേതാവ്  പി. പത്മകുമാർ മൂന്ന് ദിവസത്തിന് ശേഷം സി. പി. എം ബന്ധം ഉപേക്ഷിച്ചത് എന്തിനായിരുന്നുവെന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്. പൊതു സമൂഹത്തിന്റെ ആ സംശയത്തിന് ആദ്യമായി ഉത്തരം നൽകുകയാണ് വൈഫൈ റിപ്പോർട്ടർ.

2016 നവംബർ 27 നാണ് സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. അജയകുമാർ എന്നിവരോടൊപ്പം തലസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി നാൽപത്തിരണ്ട് വർഷത്തെ ആർ.എസ്.എസ് ബന്ധം ഉപേക്ഷിക്കുകയാണെന്ന്  പി. പത്മകുമാർ പ്രഖ്യാപിച്ചത്.

മോദി സർക്കാരിന്റെ നോട്ടു നിരോധനത്തിലും, മനുഷ്യത്വരഹിത നിലപാടിലും പ്രതിഷേധിച്ചാണ് സംഘബന്ധം ഉപേക്ഷിക്കുന്നതെന്ന് കാട്ടി പത്മകുമാർ വാർത്താക്കുറിപ്പും ഇറക്കി. പത്മകുമാറിന്റെ പാത പിന്തുടർന്ന്  നിരവധി ആർ എസ് എസ്  പ്രവർത്തകർ വരും ദിവസങ്ങളിൽ സി.പി.ഐഎമ്മിൽ ചേരുമെന്ന് പ്രസ്തുത വാർത്താ സമ്മേളനത്തിൽ ആനാവൂർ നാഗപ്പൻ പ്രഖ്യാപിക്കുകയും ചെയ്തു.

പത്മകുമാറിന്റെ കാര്യത്തിലൊഴികെ ആനാവൂരിന്റെ അവകാശവാദങ്ങൾ ശരിയായിരുന്നുവെന്ന് കഴിഞ്ഞയാഴ്ച തെളിഞ്ഞു. തലസ്ഥാനത്തെ ആർ എസ് എസ് ശക്തി കേന്ദ്രങ്ങളായ പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ നിന്നായി എൺപതോളം ആർ. എസ്.എസ് _ ബി.ജെ.പി പ്രവർത്തകരാണ് വഞ്ചിയൂർ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ സി.പിഎമ്മിൽ ചേർന്നത്. ചടങ്ങിൽ സംഘ ബന്ധം ഉപേക്ഷിച്ച ആർ. എസ് എസ്. പ്രവർത്തകർക്ക് ഉജ്വല സ്വീകരണമാണ് സി.പി ഐ എം നൽകിയത്.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം. എൽ. എ യുമായ വി. ശി‌വൻ കുട്ടി, മുൻ ആർ. എസ്. എസ് നേതാവ് സുധീഷ് മിന്നി, വഞ്ചിയൂർ ഏരിയാ സെക്രട്ടറി സി. ലെനിൻ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ശ്രീകണ്ഠേശ്വരം ആർ.എസ്.എസ് ശാഖാ പ്ര മുഖും, യുവമോർച്ചാ മുൻ സംസ്ഥാന സെക്രട്ടറിയുമായ പ്രദീപ്, പാൽക്കുളങ്ങര ശാഖാ മുഖ്യശിക്ഷക് ആയിരുന്ന അജിത്, നാലുമുക്ക് ശാഖാ മുഖ്യശിക്ഷക് ആയിരുന്ന രതീഷ് എന്നിവരായിരുന്നു സി.പി ഐ എമ്മിൽ ചേർന്ന പ്രധാനികൾ. തലസ്ഥാനത്തെ ശക്തികേന്ദ്രങ്ങളിൽ നിന്നും നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞ് പോക്ക്ആർ എസ് എസ് സംസ്ഥാന നേതൃത്വത്തിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എന്നാൽ  പത്മകുമാറിനെ മൂന്ന് ദിവസത്തിനകം തിരികെ കൊണ്ടുവരാനായതിലൂടെ സംഘടന വിട്ടവരുടെ എണ്ണത്തിൽ കുറവുണ്ടാക്കാൻ കഴിഞ്ഞെന്നാണ്  ആർ. എസ്. എസ്  നേതൃത്വത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ആരാണ് പി. പത്മകുമാർ?

തിരുവനന്തപുരം കരമന മേല റന്നൂർ സ്വദേശി. ആർ എസ് എസ് കൊല്ലം, കണ്ണൂർ ജില്ലാ പ്രമുഖ്, തിരുവനന്തപുരം, കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ്, ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചയാൾ. ആർ.എസ് .എസ് നേതൃനിരയിലും അണികളിലും
നിർണ്ണായക സ്വാധീനം. സംസ്ഥാനത്ത് എവിടെപ്പോയാലും  പ്രവർത്തകരുടെ ആദരം നേടാൻ ശേഷിയുള്ള സംസ്ഥാനത്തെ അപൂർവ്വം ആർ. എസ് എസ് നേതാക്കളിൽ ഒരാൾ. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചെങ്കിലും അണികളുമായും നേതാക്കളുമായുള്ള സജീവ ബന്ധം പത്മകമാർ നിലനിർത്തിയിരുന്നു.

പത്മകുമാർ സി.പി ഐ എമ്മിൽ എത്തിപ്പെടാനിടയാക്കിയ വഴികൾ ഇനി പറയുന്നു.
മുഴുവൻ സമയ ആർ. എസ് എസ് പ്രവർത്തകനായ പത്മകുമാറിന് കരമന കേന്ദ്രമായുള്ള ചിട്ടി സ്ഥാപനമായിരുന്നു ഉപജീവനമാർഗ്ഗം. അപ്രതീക്ഷിതമായി ചിട്ടിക്കമ്പനി തകർന്നു.  ഇതോടെ പത്മകുമാർ വൻ കടക്കെണിയിലായി.  സ്വന്തമായി വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധി പത്മകുമാർ  സ്വയം തീർക്കട്ടെ എന്നായിരുന്നു ഈ ഘട്ടത്തിൽ ആർ. എസ് എസ് നേതൃത്വം എടുത്ത നിലപാട്. ആർ. എസ്. എസ് അണികളിൽ നിർണ്ണായക സ്വാധീനമുള്ള പത്മകുമാറിന്റെ  നിസ്സഹായാവസ്ഥ, സി.പി.ഐ.എം. ജില്ലാ നേതൃത്വത്തിന്  മണത്തു. സഹായ ഹസ്തവുമായി സി.പി. ഐ എമ്മിന്റെ  ഒരു പ്രമുഖ നേതാവ് പത്മകുമാറിനെ സമീപിച്ചു.

പത്മകുമാർ വഴി സംസ്ഥാനത്തൊട്ടാകെയുള്ള അസംതൃപ്ത ആർ. എസ് എസ് അണികളെ തങ്ങൾക്കൊപ്പം ചേർക്കാനാവുമെന്ന കണക്കുകൂട്ടലാണ് ഇത്തരമൊരു നീക്കത്തിന് സി.പി. ഐ എമ്മിനെ പ്രേരിപ്പിച്ചത്.

കടങ്ങൾ വീട്ടാൻ സഹായിക്കാമെന്നായിരുന്നു സി.പി.ഐ എം പത്മകുറിന് നൽകിയ വാഗ്ദാനം. പകരം ഒപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ചെകുത്താനും കടലിനും ഇടയിൽ പെട്ടു നിന്ന പത്മകുമാർ ആ ചൂണ്ടയിൽ കൊത്തി.  തുടർന്നാണ് ആർ. എസ്.എസ് ബന്ധം ഉപേക്ഷിക്കുന്നതായി  വാർത്താസമ്മേളനം  നടത്തിയത്. സി.പി. ഐ എമ്മുമായി  അതീവരഹസ്യമായി നടന്ന നീക്കങ്ങൾ അദ്ദേഹം കുടുംബാംഗങ്ങൾ പോലും അറിഞ്ഞിരുന്നില്ലെന്നാണ്  വിശ്വസീന കേന്ദ്രങ്ങൾ നൽകുന്ന വിവരം.

ആ വാർത്താസമ്മേളത്തിന് ശേഷമാണ് നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്. വെറും സഹയാത്രികനായാൽ പോരാ, സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന ആർ.എസ്.എസ് വിരുദ്ധ ക്യാമ്പെയിനുകളിലും പൊതുസമ്മേനങ്ങളിലും  മുന്നിൽ നിൽക്കണമെന്ന ഉപാധി   അദ്ദേഹത്തിന് മുന്നിൽ സി.പി. ഐ എം വെച്ചു.ആർ.എസ് എസിൽ നിരവധി സഹപ്രർത്തകരും ശിഷ്യരുമുള്ള തനിക്ക് ആ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് പത്മകുമാർ അറിയിച്ചു. മാത്രമല്ല ഇത്തരമൊരു നിബന്ധന എന്തുകൊണ്ട് നേരത്തേ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ സി.പി.ഐ എം നേതൃത്വം പത്മകമാറിനെ കൈയ്യൊഴിഞ്ഞു. എങ്കിലും വാർത്താ സമ്മേളത്തിൽ  പരസ്യനിലപാട് പ്രഖ്യാപിച്ച സ്ഥിതിക്കും, സാമ്പത്തിക പ്രതിസന്ധി ഓർത്തും  സി.പി ഐ. എമ്മുമായി പരമാവധി സമരസപ്പെട്ടു പോകാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

പ്രവർത്തകരിൽ നിർണ്ണായക സ്വാധീനമുള്ള പത്മകുമാറിന്റെ സി.പി.ഐ. എമ്മിലേക്കുള്ള അപ്രതീക്ഷിത ചുവട് മാറ്റം അതിനകം തന്നെ ആർ.എസ്.എസ്സ് സംസ്ഥാന നേതൃത്വത്തെ  ഞെട്ടിച്ചിരുന്നു. പത്മകുമാറിന്റെ വിശ്വസ്തരും  നിലവിലെ പ്രചാരക്കുമാരുമായ രണ്ട് പേരെ സംസ്ഥാന നേതൃത്വം നവംബർ 27 ന് തന്നെ അദ്ദേഹവുമായി  നേരിൽ ചർച്ച നടത്താനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി. സംഘടന വിടരുതെന്ന ശിഷ്യന്മാരുടെ അഭ്യർത്ഥനക്ക് മുന്നിൽ പത്മകുമാർ പൊട്ടിക്കരഞ്ഞു. ഉടൻ തന്നെ വാർത്താ സമ്മേളനം വിളിച്ച് സി.പി.ഐ.എം ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കണമെന്നുള്ള പ്രചാരകരുടെ നിബന്ധന പക്ഷേ പത്മകുമാർ തള്ളി.

തത്കാലം മൗനം പാലിക്കാമെന്നും ഉചിതമായ സമയം വരുമ്പോൾ അക്കാര്യം  വ്യക്തമാക്കാമെന്നും അദ്ദേഹം വിശ്വസ്തർക്ക് വാക്ക് നൽകി. എങ്കിൽ ഡിസംബർ ആദ്യവാരം കിഴക്കേകോട്ടയിൽ യുവമോർച്ച  സംഘടിപ്പിക്കുന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ   നിലപാട് തിരുത്തി പ്രഖ്യാപിച്ചുകൂടേ എന്ന പ്രചാരകരുടെ അഭ്യർത്ഥനക്ക് മുന്നിൽ അദ്ദേഹം വഴങ്ങി. അങ്ങനെയാണ് യുവമോർച്ചാ വേദിയിൽ വെച്ച് തെറ്റുപറ്റിയെന്നും  സി.പി ഐ എമ്മിനൊപ്പമുണ്ടായിരുന്ന ദിവസങ്ങൾ ഐ.എസ് ക്യാമ്പിൽ പെട്ട പോലെയായിരുന്നുവെന്നും പത്മകുമാർ പ്രഖ്യാപിച്ചത്.

പത്മകുമാറിന്റെ സാമ്പത്തിക പ്രതിസന്ധി ക്രമേണ പരിഹരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോൾ ആർ.എസ്.എസ് നേതൃത്വമെന്നാണ് അറിയാൻ കഴിയുന്നത്. പത്മകുമാറിനെ തിരിച്ചുപിടിച്ചത് വഴി അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ പെട്ട സംസ്ഥാനത്തൊട്ടാകെയുള്ള അണികളുടെ ചെറിയ തോതിലെങ്കിലുമുള്ള കൊഴിഞ്ഞ് പോക്ക് തടയാനായി എന്ന ആശ്വാസത്തിലാണ് സംഘ പരിവാർ നേതൃത്വമിപ്പോൾ. എന്നാൽ  തലസ്ഥാനത്തെ ശക്തികേന്ദ്രങ്ങളിലെ പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്ക് തടയാനായില്ലെന്ന നിരാശ ആർ.എസ്എസ് നേതൃത്വത്തെ ഇപ്പോഴും അലട്ടുന്നു.