ഐസക്കിനെയും സുധാകരനെയും സ്ഥാനാർത്ഥികളാക്കണം; സി.പി.എം നേതൃത്വത്തോട് ജില്ലാ സെക്രട്ടേറിയറ്റ്

    ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇളവ് നല്‍കണമെന്ന് സി പി എമ്മില്‍ നിര്‍ദേശം.  ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാദ്ധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.

    ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലില്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ടു പേര്‍ക്കും തന്നെയാണ് വിജയസാദ്ധ്യതയുളളത്. അമ്പലപ്പുഴ യു ഡി എഫ് മണ്ഡലമായിരുന്നു. ജി സുധാകരന്‍ വന്നതോടെയാണ് മണ്ഡലം സി പി എമ്മിന് അനുകൂലമായി മാറി ചിന്തിച്ച് തുടങ്ങിയതെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം, ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

    ജില്ലാ സെക്രട്ടറിയേറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.