BREAKING NEWS: മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ പുറത്താക്കല്‍ നടപടിക്ക് തിരിച്ചടി

പ്രാര്‍ത്ഥനയുടെ പേരില്‍ പുറത്താക്കിയ അലക്‌സാണ്ടര്‍ ഫിലിപ്പിനെ തിരിച്ചെടുക്കാന്‍ കോടതി വിധി

എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവ്

15 ദിവസത്തിനകം മെത്രാപ്പോലീത്തയുടെ ഉത്തരവ് കോടതിയെ അറിയിക്കണമെന്ന്

-എബി ജോണ്‍-

ന്യൂഡല്‍ഹി: ഹിന്ദു യുവാവിനെ വിവാഹം കഴിച്ച മാര്‍ത്തോമ്മ സഭക്കാരിയായ യുവതിയെ ആശിര്‍വദിച്ച് പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കിയ കരോള്‍ബാഗ് സെന്റ് തോമസ് മാര്‍ത്തോമ്മ ഇടവകയിലെ അംഗമായ അലക്‌സാണ്ടര്‍ ഫിലിപ്പിനെ തിരിച്ചെടുത്ത് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡല്‍ഹി അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി ഉത്തരവായി.joseph-marthoma-methrapoleetha

കരോള്‍ബാഗ് പള്ളിയിലെ അംഗവും സഭാപ്രതിനിധി മണ്ഡല അംഗവുമായ അലക്‌സാണ്ടര്‍ ഫിലിപ്പിനെ ആറുമാസം മുമ്പാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സഭയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലക്‌സാണ്ടര്‍ ഫിലിപ്പ് സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി അജയ് ഗോയല്‍ തീര്‍പ്പ് കല്‍പ്പിച്ചത്. കോടതി ഉത്തരവ് അനുസരിച്ച് അലക്‌സാണ്ടര്‍ ഫിലിപ്പിന് ആരാധനയില്‍ പങ്കെടുക്കാനും ഇടവകയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതിന് പൂര്‍ണ്ണ അവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്.

അലക്സാണ്ടർ ഫിലിപ്പ്
അലക്സാണ്ടർ ഫിലിപ്പ്

ഇദ്ദേഹത്തെ അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള മെത്രാപ്പോലീത്തയുടെ ഉത്തരവും സഭാ രജിസ്റ്ററും 15 ദിവസത്തിനകം കോടതിയെ അറിയിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടവകാംഗം എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും പുനഃസ്ഥാപിച്ചുകൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ നടന്ന പ്രതിനിധി മണ്ഡലയോഗത്തില്‍ പങ്കെടുക്കാന്‍ അലക്‌സാണ്ടര്‍ ഫിലിപ്പിന് കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നു.

ഫിലിപ്പിനെതിരെയുള്ള കേസുകള്‍ നടത്താന്‍ സഭ ലക്ഷങ്ങളാണ് ഇതുവരെ മുടക്കിയിരിക്കുന്നത്. ഈ കേസുകള്‍ നടത്താന്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെയാണ് സഭ നിയോഗിച്ചിരുന്നത്.

30 വര്‍ഷത്തിലധികമായി കരോള്‍ബാഗ് പള്ളിയിലെ ട്രസ്റ്റി, സെക്രട്ടറി, ആല്‍മായ ശുശ്രൂഷകന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന അലക്‌സാണ്ടര്‍ ഫിലിപ്പ് സാമൂഹ്യവിരുദ്ധനാണെന്നുവരെ സ്ഥാപിക്കുന്ന സത്യവാങ്മൂലം ഇടവക വികാരി ഈപ്പന്‍ എബ്രഹാമും ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ചേര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനുംപുറമേ അലക്‌സാണ്ടര്‍ ഫിലിപ്പ് ഹിന്ദു യുവാവിനെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നുപോലും ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇത്തരം വ്യാജ സത്യവാങ്മൂലങ്ങള്‍ ഒന്നും തന്നെ കോടതി മുഖവിലക്കെടുത്തില്ലെന്നാണ് ഈ വിധി സൂചിപ്പിക്കുന്നത്.

റവ. ഈപ്പൻ ഏബ്രഹാം
റവ. ഈപ്പൻ ഏബ്രഹാം

ഇദ്ദേഹത്തെ പുറത്താക്കുന്നതിന് പിന്നില്‍ പള്ളിവികാരിയുടെ കുടിപ്പികയാണെന്ന് വിശ്വാസികള്‍ക്കിടയില്‍ പരക്കേ ആക്ഷേപമുണ്ട്. ഇടവകയില്‍ നടന്ന ഇലക്ട്രിക് പണിയുടെ പേരില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അലക്‌സാണ്ടര്‍ ഫിലിപ്പ് ചൂണ്ടിക്കാണിച്ചതാണ് രണ്ടുവര്‍ഷം മുമ്പ് നടന്ന ‘ആശിര്‍വാദ പ്രാര്‍ത്ഥന’ സംഭവം കുത്തിപ്പൊക്കാന്‍ ഇടയാക്കിയെന്നാണ് വിശ്വാസികളുടെ ആരോപണം. കരോള്‍ ബാഗ് ഇടവകയിലെ ഗായകസംഘാംഗമായ യുവതി ഹിന്ദുയുവാവിനെ വിവാഹം കഴിച്ചിരുന്നു.

ഈ യുവതിയുടെ വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്ത അലക്‌സാണ്ടര്‍ ഫിലിപ്പ് ഈ ദമ്പതികളെ ആശിര്‍വദിച്ച് പ്രാര്‍ത്ഥിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയ കുറ്റം. സംഭവം നടന്നത് 2014 മെയ് 25നായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഇതിന്റെ പേരില്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കിയത്. ഏകപക്ഷീയമായി ഇടവക വികാരിയും മെത്രാപ്പോലീത്തയും ചേര്‍ന്ന് നടത്തിയ ഗൂഢശ്രമങ്ങള്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി എന്ന് വിലയിരുത്തപ്പെടുന്നു.