കന്യാസ്ത്രീ പ്രസവിച്ച ചോരക്കുഞ്ഞിനെ മുക്കിക്കൊന്നു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊട്ടിയൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്ത്യന്‍ സഭകളിലെ പുരോഹിതരുടെ പീഡനങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയായത്. പള്ളിയിലെത്തുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും കന്യാസ്ത്രീകളുമടക്കം പീഡിപ്പിക്കപ്പെട്ട നിരവധി അനുഭവങ്ങള്‍ പുറത്ത് വരികയും ചെയ്തു. കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് താന്‍ സാക്ഷി ആയിട്ടുണ്ടെന്ന നടുക്കുന്ന വെളിപ്പെടുത്തല്‍ സിസ്റ്റര്‍ മേരി ചാണ്ടി എന്ന് നടത്തിയിരുന്നു. മേരി ചാണ്ടിയുടെ പുസ്തകം ലോകത്തിന് മുന്നില്‍ നടത്തുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

നന്മ നിറഞ്ഞവളേ സ്വസ്തി എന്ന പുസ്തകത്തിലാണ് കന്യാസ്ത്രീ മഠങ്ങളില്‍ പുറം ലോകം അറിയാതെ മൂടിവെയ്ക്കപ്പെട്ട ക്രൂരതകളുടെ കഥകള്‍ സിസ്റ്റര്‍ മേരി ചാണ്ടി വെളിപ്പെടുത്തുന്നത്. പുസ്തകത്തില്‍ റേപ്പിംഗ് ഫാദേഴ്സ് എന്ന തലക്കെട്ടിലുള്ള അധ്യായത്തിലുള്ളത് ആത്മീയതയുടെ മറവില്‍ നടക്കുന്ന പീഡനങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളാണ്.

താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ മഠത്തിലെ ഒരു കന്യാസ്്രതീ ക്രൂരമായി കൊലപ്പെടുത്തിയ അനുഭവം മേരി ചാണ്ടി പങ്കുവെയ്ക്കുന്നു. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു കൊലപാതകം. മേരി ചാണ്ടി ആ സംഭവം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

ശുചി മുറിയാകെ പടര്‍ന്നൊഴുകിയ ചോരയില്‍ ചവുട്ടി നിന്നാണ് കര്‍ത്താവിന്റെ മണവാട്ടിയായി ലോകം കാണുന്ന ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ തലകീഴായി ക്ലോസ്സറ്റിലെ മലിനജലത്തിലേക്ക് ഇടിച്ച് താഴ്ത്തിപ്പിടിച്ചിരിക്കുന്നത്. പുറത്ത് കാണുന്ന ആ കുഞ്ഞിന്റെ കാലുകള്‍ മാത്രം.

ജീവന് വേണ്ടി ആ കാലുകള്‍ പിടയ്ക്കുകയായിരുന്നു. പ്രസവിച്ച കുഞ്ഞിനെ ലോകം കാണരുത് എന്ന ഉദ്ദേശത്തില്‍ അത് മറച്ചുപിടിക്കാനാണ് കുഞ്ഞിനെ കൊന്നുകളയാന്‍ ആ കന്യാസ്ത്രീ തീരുമാനിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീ മഠത്തിലായിരുന്നു ആ നടുക്കുന്ന സംഭവം അരങ്ങേറിയത്.

കൊല്ലാനുള്ള ശ്രമങ്ങള്‍ക്കിടെ കുഞ്ഞ് അലറിക്കരഞ്ഞത് കേട്ടിട്ടും മഠത്തിലെ ആരും അനങ്ങിയില്ലെന്നും മേരി ചാണ്ടി പുസ്തകത്തില്‍ പറയുന്നു. കര്‍ത്താവിന്റെ മണവാട്ടികളാകേണ്ട കന്യാസ്ത്രീകള്‍ പലപ്പോഴും അച്ഛന്‍മാരുടെ മണവാട്ടികളാവാന്‍ നിര്‍ബന്ധിതരായെന്നും മേരി ചാണ്ടി വെളിപ്പെടുത്തുന്നു.

തന്റെ ഇരുപതാം വയസ്സില്‍ കന്യാസ്ത്രീ മഠത്തില്‍ വെച്ച് ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. അന്ന് കസേരയെടുത്ത് അയാളുടെ തലയ്ക്ക് അടിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത്. പരാതിപ്പെട്ടപ്പോള്‍ ആരോപണം തനിക്ക് നേരെ തിരിഞ്ഞു.

മഠത്തിലെ അലിഖിത നിയമമാണ് അച്ഛന്‍മാര്‍ എന്ത് ചെയ്താലും എതിര്‍ക്കരുതെന്നത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആ പുരോഹിതന്‍ ഇന്ന് വയനാട്ടിലെ ഒരു ഇടവകയില്‍ ഉണ്ടെന്നും മേരി ചാണ്ടി വെളിപ്പെടുത്തുന്നു. ഇത്തരം വെളിപ്പെടുത്തലുകളുടെ പേരില്‍ തനിക്ക് വധഭീഷണി വരെ ഉണ്ടായിട്ടുണ്ടെന്ന് ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മേരി ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

വയനാട് ജില്ലയിലെ കത്തോലിക്കാ സഭയുടെ അനാഥ മന്ദിരങ്ങളിലുള്ള കുട്ടികളില്‍ 60 ശതമാനവും വൈദികരുടേയും കന്യാസ്ത്രീകളുടേയും മക്കളാണെന്നും മേരി ചാണ്ടി ആരോപിച്ചിരുന്നു.അവിഹിതത്തില്‍ പിറന്ന നിരവധി കുഞ്ഞുങ്ങളെ വൈദികര്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ മേരി ചാണ്ടി ആരോപിച്ചു. കുപ്രസിദ്ധമായ മാനന്തവാടി കുഴിനിലം കൂട്ടക്കൊലയ്ക്ക് പിന്നിലും കത്തോലിക്ക സഭയ്ക്ക് പങ്കുണ്ടെന്നും സിസ്റ്റര്‍ ആരോപണം ഉന്നയിച്ചിരുന്നു.