അനധികൃത നിര്‍മ്മാണം: ഡി.എല്‍.എഫ് ഫ്‌ളാറ്റ് പൊളിക്കണ്ട; ഒരുകോടി പിഴയടച്ചാല്‍ മതിയെന്ന് കോടതി വിധി

 

നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത നിർമ്മാണം നടത്തിയെന്ന് കണ്ടെത്തിയ കൊച്ചി ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. ഒരുകോടി രൂപ പിഴയായി പരിസ്ഥിതി വകുപ്പിന് നൽകിയാൽ മതി. കോടികളുടെ നിക്ഷേപവും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്‌ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ല എന്ന് കോടതി തീരുമാനിച്ചത്.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ക്രമക്കേടുകള്‍  ഉണ്ടെന്ന് കണ്ടത്തിയ  സിംഗില്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു .

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു .കെട്ടിടത്തിന് അനുമതി നല്‍കിയ കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിന്റെ തുടര്‍ന്നുളള നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും  കോടതി നേരത്തെ പറഞ്ഞിരുന്നതാണ്.

തീരദേശ ദേശ പരിപാലന നിയമം ലംഘിച്ചാണ് ഡിഎല്‍എഫ് ഫ്ളാറ്റ്  നിര്‍മ്മിച്ചിരിക്കുന്നതെന്നും ,കായൽകയ്യേറി എന്നുമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതി കണ്ടെത്തിയത്. ഉത്തരവ് നടപ്പായാല്‍ കെട്ടിടം പൂര്‍ണമായിത്തന്നെ പൊളിക്കേണ്ടിവരും

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയാണ് ഡി.എല്‍.എഫ്.

ഒരു ലക്ഷം ചതുരശ്ര അടിക്ക് മുകളിൽ സ്ഥലമുള്ള  ഫ്‌ളാറ്റിലേക്ക് ഏഴു മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്ന നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. മിക്കസ്ഥലങ്ങളിലും രണ്ടു മീറ്ററാണ് വീതി.വേണമെങ്കിൽ  കേരളസർക്കാരിന്   ഫയർ ആൻഡ് സേഫ്റ്റി  വകുപ്പിൻ്റെ സുരക്ഷാ  സർട്ടിഫിക്കറ്റ്  ഡി.എൽ.എഫിനു  ഇക്കാരണത്താൽ നിഷേധിക്കാവുന്നതാണെന്ന് ജേക്കബ് തോമസ് ഫയർ ആൻഡ് സേഫ്റ്റി ഡി.ജി.പി ആയിരുന്നപ്പോൾ ഉത്തരവിട്ടിരുന്നു.