നെയ്യാറ്റിന്‍കര സനലിന്റെ അരങ്ങേറ്റത്തിന് ആളില്ല

നേതാക്കള്‍ മാത്രം പങ്കെടുത്ത പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരായ പ്രതിഷേധ സമരം

പെട്രോള്‍ സമരവും റേഷന്‍ സമരവും ചീറ്റിയ ഞെട്ടലില്‍ സുധീരന്‍

തിരുവനന്തപുരം, പെട്രോള്‍ വില വര്‍ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെ തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് അളില്ലാത്തത് കോണ്‍ഗ്രസിനും വി.എം സുധീരനും ഒരു പോലെ നാണക്കേടാകുന്നു.

ഡി.സി.സി അധ്യക്ഷനായി നിയമിതനായശേഷം നെയ്യാറ്റിന്‍കര സനല്‍ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയായിരുന്നു ഇന്നലത്തേത്. എന്നാല്‍ തലസ്ഥാന നഗരിയില്‍ നടക്കുന്ന സമരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നതോടെ അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരും പ്രകടനത്തിനെത്തിയില്ല. ഇതോടെ ഡി.സി.സി അധ്യക്ഷനും നഗരത്തിലെ ഐ ഗ്രൂപ്പ് പ്രതിനിധികളായ ഏതാനും ഭാരവാഹികളും മാത്രാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പങ്കെടുത്ത നേതാക്കളാവട്ടെ അണികളെ എത്തിക്കാന്‍ ശ്രമിക്കാതെ ഒറ്റയ്‌ക്കെകത്തുകയായിരുന്നു.

ഒരു പ്രവര്‍ത്തകനെപ്പോലും സ്ഥലത്തെത്തിക്കാന്‍ ആരും മിനക്കെട്ടില്ല. സെക്രട്ടേറിയറ്റ് വാര്‍ഡിലെ മുന്‍ കൗണ്‍സിലറും നിലവില്‍ ഡി.സി.സി ഭാരവാഹിയുമായ ആര്‍ ഹരികുമാര്‍ പോലും ചെങ്കല്‍ച്ചൂളയില്‍നിന്ന് ആളെ എത്തിക്കാന്‍ തയാറായില്ല. ഇതോടെ ഉള്ള ആളുകളെ വച്ച് പ്രകടനം നടത്തിയാല്‍ മതിയെന്നും ഇരുട്ടായതിനാല്‍ ആരും ശ്രദ്ധിക്കില്ലെന്നും മറ്റ് ഭാരവാഹികള്‍ ഡി.സി.സി അധ്യക്ഷനെ ഉപദേശിച്ചു. ഇതേത്തുടര്‍ന്നാണ് ആളില്ലാ പ്രകടനം നടന്നത്.

ഡി.സി.സി പുനസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളെ പിന്തള്ളി വി.എം സുധീരന്റെ പിന്തുണയിലാണ് നെയ്യാറ്റിന്‍കര സനലിനെ ഹൈക്കമാന്‍ഡ് ഡി.സി.സി അധ്യക്ഷനാക്കിയത്. ടി ശരത്ചന്ദ്ര പ്രസാദ്, രമണി പി നായര്‍, മണക്കാട് സുരേഷ് എന്നിവരെ വെട്ടിയാണ് നെയ്യാറ്റിന്‍കര സനലിന് വേണ്ടി സുധീരന്‍ രഹസ്യനീക്കം നടത്തിയത്. സനലിനെ ഡി.സി.സി അധ്യക്ഷനാക്കിയെന്ന പ്രഖ്യാപനവും ജില്ലയിലെ എ- ഐഗ്രൂപ്പ് നേതാക്കള്‍ ഞെട്ടലോടെയാണ് കേട്ടത്.

ബുധനാഴ്ച കരകുളത്ത് സംഘടിപ്പിച്ച റേഷന്‍ ഡിപ്പോ സമരം ഡി.സി.സി. പ്രിസഡന്റ് സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ബുധനാഴ്ച കരകുളത്ത് സംഘടിപ്പിച്ച റേഷന്‍ ഡിപ്പോ സമരം ഡി.സി.സി. പ്രിസഡന്റ് സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് കരകുളത്ത് സംഘടിപ്പിച്ച റേഷന്‍ ഡിപ്പോ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തതും നെയ്യാറ്റിന്‍കര സനലായിരുന്നു. ഡി.സി.സി അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയായിട്ടും ഇവിടെയും ഏഴോ എട്ടോ പേര്‍ മാത്രമാണ് പങ്കെടുത്തത്. പെട്രോള്‍ സമരത്തിന് പിന്നാലെ കരകുളത്തും നെയ്യാറ്റിന്‍കര സനലിന് ആളില്ലാ സമരം നടത്തേണ്ടിവന്നത് സുധീരനെയും വിഷമത്തിലാക്കിയിട്ടുണ്ട്.
ജനപിന്തുണയില്ലാത്തവരെ ഡി.സിസി അധ്യക്ഷനാക്കിയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതാണ് ഈ രണ്ട് സംഭവങ്ങളും. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് വിശദമായ പരാതി നല്‍കാനൊരുങ്ങുകയാണ് ഡി.സി.സി സാധ്യതാ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കള്‍.