പിണറായി പോലീസിനെ അപലപിച്ച് സി.പി.ഐ മുഖപത്രം

ആറളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പിടികൂടിയ നദീറിനെ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകുന്നു

janayugom-editorialമാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സാമൂഹ്യപ്രവര്‍ത്തകന്‍ നാദിറിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത സംഭവങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.

ദേശ ദ്രോഹകുറ്റവും യു.എ.പി.എയുമൊക്കെ വിവാദത്തിന് വഴി മരുന്നിടുന്ന വിഷയങ്ങളാണ്. അതിനാല്‍ അത് കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ശ്രദ്ധ ചെലുത്തണം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചപ്പോഴുണ്ടായ സംവാദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാത്തവര്‍ പോലീസ് സേനയിലും അധികാരകേന്ദ്രങ്ങളിലും ഇപ്പോഴും ഉണ്ടെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. അന്വേഷണം പോലും നടത്തുന്നതിന് മുമ്പ് യു.എ.പി.എ പോലുള്ള കുറ്റം ചുമത്തുകയെന്നത് നിയമവിരുദ്ധമാണ്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത് നടക്കാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് നല്‍കുന്ന പരാതിയിലെല്ലാം വേണ്ടത്ര അന്വേഷണം നടത്താതെ ദേശദ്രോഹക്കുറ്റം ചുമത്തുന്നത് ശരിയല്ല.

ഇത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ചതാണ്. കോഴിക്കോട് നിന്ന് പോലീസിന്റെ ഭാഗത്തുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അന്വേഷിക്കേണ്ടതാണെന്നും ജനയുഗം ആവശ്യപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ് പോലീസിന്റെ മാനം കെടുത്തിയ സംഭവം കോഴിക്കോടാണ് ഉണ്ടായത്. ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരിലായിരുന്നു എഴുത്തുകാരന്‍ കമല്‍. സി. ചവറയെ കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി വിധി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് ദേശീയഗാനത്തെ അപമാനിച്ചുവെന്ന കാരണത്തില്‍ എഴുത്തുകാരനെ അറസ്റ്റ് ചെയ്തത്. ഈ വിഷയം ഗൗരവമേറിയതാണ്. രാജ്യത്തിന് വെല്ലുവിളിയാകുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതിനാണ് യു.എ.പി.എ നിയമം ഉണ്ടായത്. എന്നാല്‍ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ഈ നടപടികളെ വിമര്‍ശിക്കുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രീയ കേസുകളിലും ഈ നിയമം ചുമത്തിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ നില കൊണ്ടാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയും അസഹിഷ്ണുതയുടെ ആള്‍രൂപമായി ബി.ജെ.പി മാറുകയുമാണ്.

അതു കൊണ്ട് തന്നെ ഇതേക്കുറിച്ച് പറയാന്‍ കുമ്മനം രാജശേഖരന് ധാര്‍മ്മികമായ അവകാശമില്ലെന്നും ജനയുഗത്തിന്റെ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പോലീസുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന നടപടികള്‍ ശക്തമായി അപലപിക്കേണ്ടത് തന്നെയാണെന്ന് പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.