ശ്വാസ കോശത്തെ കാര്‍ന്നു തിന്നുന്ന ‘കൊറോണ’ വൈറസ് !

കോവിഡ് 19 സാര്‍സ് കോവ് 2 ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ
വുഹാനിലാണ്. ആഗോളതലത്തില്‍ 2 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 150,000 ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത പുതിയ കോവിഡിന് 17 വര്‍ഷം മുന്‍പു ലോകത്തെ വിറപ്പിച്ച സാര്‍സ് കോവ് 1 വൈറസുമായി ജനിതകഘടനയില്‍ ഉള്‍പ്പെടെ ഏറെ ബന്ധമുണ്ട്. അതിനാലാണ് അവയ്ക്ക് സാര്‍സ് കോവ് 2 എന്ന പേരു നല്‍കിയതു തന്നെ.

ഇപ്പോഴിതാ സാര്‍സ് കോവ് 2 വൈറസ് ബാധയെത്തുടര്‍ന്നുള്ള കോവിഡ് രോഗം ശരീരത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍.

വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നാന്‍ ആശുപത്രിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ആധികാരിക പഠനം നടത്തിയിരിക്കുന്നത്. ‘നേച്ചര്‍’ ജേണലിലൂടെ ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.

ജീനോം സീക്വന്‍സ്, ജൈവപരമായ സ്വഭാവം, മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന രോഗ ലക്ഷണങ്ങള്‍ തുടങ്ങിയവയിലെല്ലാം സാര്‍സ് കോവ് 2 വൈറസിന് 2003ലെ വൈറസുമായി ഏറെ സാമ്യമുണ്ട്. ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും വിനിമയം തടസ്സപ്പെടുത്തും വിധം ശ്വാസകോശത്തെ വരിഞ്ഞുമുറുക്കുന്നതാണ് കോവിഡ് രോഗത്തിന്റെ സ്വഭാവമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഇതോടൊപ്പം അണുബാധയേറ്റുള്ള ന്യുമോണിയയും ചേരുന്നതോടെ ജീവനു ഭീഷണിയാകും വിധം കോവിഡിനെ അതിമാരകമാകും.

കൃത്രിമ സംവിധാനങ്ങളില്ലാതെ ശ്വസിക്കാന്‍ പോലുമാകാത്ത അവസ്ഥയിലേക്ക് എങ്ങനെയാണു മനുഷ്യന്‍ എത്തിച്ചേരുന്നതെന്നാണ് ഗവേഷകര്‍ അന്വേഷിച്ചത്. അതിന്റെ ഭാഗമായി അവര്‍ പഠനവിധേയമാക്കിയത് നിര്‍ണായക അവയവങ്ങളിലെ ശരീരകലകളെയാണ്.

വൈറസിന്റെ വ്യാപനം, സ്വഭാവം എന്നിവ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങളുണ്ടാകുന്നുണ്ടെങ്കിലും കൊറോണ രോഗം ഇത്രയേറെ ശക്തമാകാനുള്ള കാരണവും അവ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനവും ഇപ്പോഴും കാര്യമായി പഠിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നാന്‍ ആശുപത്രിയിലെ ഗവേഷകരുടെ പഠനം ശ്രദ്ധേയമാകുന്നത്. പത്തോളജി, പകര്‍ച്ചവ്യാധി, റേഡിയോളജി വിഭാഗങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കാളികളായത്.

ശരീരത്തിലെ ഗ്ലാന്‍ജല കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് അഡനോ കാര്‍സിനോമ. ഇതു ബാധിച്ച രണ്ടു രോഗികളില്‍ കോവിഡിന്റെ ആദ്യഘട്ടത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്നാണു ഗവേഷകര്‍ പഠിച്ചത്.

കോവിഡ് ബാധിച്ചു മരിച്ച കാന്‍സര്‍ രോഗികളുടെ ശരീരകലകളും ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചു. ശരീരകലകളെ മൈക്രോസ്‌കോപിക് നിരീക്ഷണത്തിനു വിധേയമാക്കി നടത്തുന്ന പഠനമാണ് ഹിസ്റ്റോപത്തോളജി. കൊറോണയുടെ ഹിസ്റ്റോപത്തോളജിക് ഡേറ്റയും അധികം ലഭ്യമായിട്ടില്ല. അതായത്, കൊറോണ എങ്ങനെ ശരീരകലകളില്‍ മാറ്റമുണ്ടാക്കുന്നുവെന്നതില്‍ ലോകത്തിന് ഇപ്പോഴും അറിവ് വന്നില്ല എന്ന് സാരം.

സോങ്‌നാന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ച നാലു രോഗികളുടെ പോസ്റ്റ്‌മോര്‍ട്ടം ബയോപ്സി റിപ്പോര്‍ട്ട് ഗവേഷകര്‍ തയാറാക്കി. അതിലെ നിര്‍ണായക ഭാഗമെന്നു പറയുന്നത് കൊറോണയുടെ ഹിസ്റ്റോപത്തോളജിക് ഡേറ്റയാണ്. നാല് രോഗികളുടെയും ശ്വാസകോശം, കരള്‍, ഹൃദയം എന്നിവിടങ്ങളില്‍നിന്നു ശേഖരിച്ച ശരീരകലകളാണു ഗവേഷകര്‍ പരിശോധിച്ചത്. കോവിഡിനെത്തുടര്‍ന്നുള്ള കനത്ത ന്യുമോണിയ ബാധിച്ചാണു നാലു പേരും മരണപ്പെട്ടത്. 59നും 81നുമിടയില്‍ പ്രായമുള്ള മൂന്ന് പുരുഷന്മാരിലും ഒരു വനിതയിലുമായിരുന്നു നിരീക്ഷണം നടത്തിയത്. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ സിറോസിസോ രക്താര്‍ബുദമോ ബാധിച്ചവരായിരുന്നു ഇവര്‍ നാലു പേരും. ഒരാളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നിരുന്നു.

നാലു പേരിലും രോഗം ബാധിച്ചതിനു ശേഷം മരണത്തിലേക്കെത്താന്‍ 15 മുതല്‍ 52 ദിവസം വരെയാണ് എടുത്തത്. എല്ലാവരിലും ശ്വേത രക്താണുക്കളുടെ എണ്ണം കൂടുതലായിരുന്നു. വൈറസ് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങളില്‍ പ്രധാനിയാണ് ശ്വേത രക്താണുക്കള്‍. എന്നാല്‍ ഇതിന്റെ മറ്റൊരു വകഭേദമായ ലിംഫോസൈറ്റുകളുടെ അളവ് രോഗികളില്‍ വന്‍തോതില്‍ കുറവായിരുന്നു. മൂന്നു പേര്‍ക്ക് ലിംഫോസൈറ്റുകള്‍ കുറയുന്ന ലിംഫോസൈറ്റോപീനിയ എന്ന അവസ്ഥയുണ്ടായിരുന്നു. എച്ച്‌ഐവി രോഗബാധിതരിലാണ് ഇത് സാധാരണ കാണുന്നത്. എന്നാല്‍ രക്താര്‍ബുദം ബാധിച്ചയാള്‍ക്ക് ലിംഫോസൈറ്റോപീനിയ ഉണ്ടായിരുന്നില്ല.

ഏറ്റവും ശക്തമായി സാര്‍സ് കോവ് 2 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായി. ശ്വാസമെടുക്കാന്‍ പോലുമാകാത്തവിധം ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കു ‘മുറിവേല്‍പ്പിക്കാന്‍’ ഈ കൊലയാളി വൈറസിന് സാധിക്കും. രക്തത്തിലേക്കും ശരീരകലകളിലേക്കും ഓക്‌സിജനുള്‍പ്പെടെ എത്തുന്നതു തടയും വിധമാണ് ശ്വാസകോശത്തിലെ തടസ്സം. പരിശോധിച്ച ഒരു രോഗിയില്‍ ശക്തമായ ബാക്ടീരിയ ബാധയും ഉണ്ടായിരുന്നു. ശ്വാസകോശ അറകളെല്ലാം ഓക്‌സിജന്‍ കൈമാറ്റത്തിനു സാധ്യമാകാത്ത വിധം ദ്രാവകവും കഫവും നിറഞ്ഞു തടസ്സപ്പെട്ടിരുന്നു.

കരളിനെയും രോഗം കാര്യമായി ബാധിച്ചിരുന്നുവെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാക്കാന്‍ കഴിഞ്ഞത്. ചിലരില്‍ സജീവമായ ശരീരകലകളിലെ കോശങ്ങള്‍ നശിച്ചുപോകുന്ന നെക്രോസിസ് അവസ്ഥയും കണ്ടെത്തുകയുണ്ടായി. ഇത്തരം അവസ്ഥകളില്‍ ഹൃദയത്തിനു സംഭവിക്കാവുന്ന സ്വാഭാവിക പ്രശ്‌നങ്ങളും രോഗികളില്‍ വ്യക്തമായിരുന്നു. ശ്വാസകോശത്തെ അതിശക്തമായി ബാധിച്ച ഡിഫ്യൂസ് ആല്‍വിയോളര്‍ ഡാമേജ് (ഡിഎഡി) എല്ലാ രോഗികളിലും പ്രകടമായിരുന്നു. ശരീരത്തിനകത്തെ ഓക്‌സിജന്‍ കൈമാറ്റം അസാധ്യമാകും വിധം ശ്വാസകോശത്തിനു സംഭവിക്കുന്ന പ്രശ്‌നമാണിത്. ആല്‍വിയോളര്‍ ഡാമേജാണ് കൊറോണ രോഗം കാരണം ശരീരത്തിലുണ്ടാകുന്ന ഏറ്റവും അപകടകരമായ അവസ്ഥയും.

ശ്വാസകോശത്തിലെ ഓക്‌സിജന്‍ കൈമാറ്റം നടക്കുന്ന മേഖലകളില്‍ കാണപ്പെടുന്നവയാണ് ബ്ലഡ്എയര്‍ ബാരിയറുകള്‍ .രക്തത്തില്‍ കുമിളകള്‍ രൂപപ്പെടാതെ തടയുന്നത് ഇവയാണ്. കൂടാതെ ശ്വസനവ്യവസ്ഥയിലെ നിര്‍ണായക ഭാഗമായ ആല്‍വിയോളയിലേക്ക് രക്തം കടക്കാതെ തടയുന്നതും ബ്ലഡ്എയര്‍ ബാരിയറുകളാണ്. രക്തത്തിലേക്ക് ഓക്‌സിജനും കാര്‍ബണ്‍ ഡയോക്‌സൈഡും എത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതിനും സഹായിക്കുന്നത് ആല്‍വിയോളയാണ്. ബ്ലഡ്എയര്‍ ബാരിയറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് കൊറോണ വൈറസ് ചെയ്യുന്നത്. അതോടെ ശ്വസനം തടസ്സപ്പെടുകയും കൃത്രിമ ശ്വാസമില്ലാതെ ജീവന്‍ നിലനിര്‍ത്താനാകാതെ വരികയും ചെയ്യും.

നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതു പോലെയും നെഞ്ചില്‍ ഭാരം കയറ്റിവച്ചതു പോലെയുമൊക്കെ കോവിഡ് രോഗികള്‍ക്ക് തോന്നാനുള്ള കാരണവും ഇത്രയേറെ ശക്തമായ ശ്വാസതടസ്സമാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വെന്റിലേറ്റര്‍ ആവശ്യത്തിനു ലഭ്യമായില്ലെങ്കില്‍ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയായിരിക്കും നേരിടേണ്ടിവരിക.

പരിശോധിച്ച നാലു പേരില്‍ ചിലരില്‍ ബാക്ടീരിയ ആക്രമണം വഴി അതിശക്തമായ ന്യുമോണിയയും രേഖപ്പെടുത്തിയതായി കണ്ടെത്തി. ഈ രണ്ടു പ്രശ്‌നങ്ങളും കാരണം കരളിനും ഹൃദയത്തിനും സംഭവിക്കാവുന്ന സ്വാഭിവക പ്രശ്‌നങ്ങളും പോസ്റ്റ്‌മോര്‍ട്ടം കോര്‍ ബയോപ്സിയിലൂടെ ഗവേഷകര്‍ കണ്ടെത്തി. വിവിധ പ്രായത്തിലുള്ള കൂടുതല്‍ രോഗികളില്‍ സമാനമായ പരിശോധന നടത്തിയാല്‍ മാത്രമേ കൊറോണ ശരീരത്തിലുണ്ടാക്കുന്ന വ്യക്തമായ ചിത്രം മനസ്സിലാവുകയുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.

പുതിയ വൈറസില്‍ നാലിനം പ്രോട്ടീനുകളാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍നിന്നു മുന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീനുകള്‍ക്ക് ഗ്ലൈക്കോപ്രോട്ടീന്‍ എന്നാണു പേര്. ഇതോടൊപ്പം നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ എന്‍വലപ് പ്രോട്ടീനും മാട്രിക് പ്രോട്ടീനും ന്യൂക്ലിയോക്യാപ്‌സിഡ് പ്രോട്ടീനുമുണ്ട്. മനുഷ്യ ശരീരത്തില്‍ എയ്‌സ് 2 എന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളുമായാണ് ഗ്ലൈക്കോപ്രോട്ടീന്‍ ബന്ധം സ്ഥാപിക്കുക. അതുവഴിയാണ് അവ ശരീരത്തിനകത്തു പ്രവേശിക്കുന്നത്. ശ്വാസകോശം, അസ്ഥി മജ്ജ, കരള്‍, വൃക്ക, മസ്തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലെ കോശങ്ങളിലെല്ലാം എയ്‌സ്2 പ്രോട്ടീന്‍ കണ്ടെത്തിയിട്ടുണ്ട്.

സാര്‍സ് കോവ് 2 ശരീരത്തില്‍ പിടിമുറുക്കുന്നത് ശ്വാസകോശത്തിലെ എയ്‌സ് 2 പ്രോട്ടീനുമായി ‘ബന്ധം’ സ്ഥാപിച്ചാണ്. പനി, വരണ്ട ചുമ, പേശി വേദന, തലചുറ്റല്‍, തലവേദന, തൊണ്ടവേദന, നെഞ്ചുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയവയാണ് സാര്‍സ് കോവ് 2 വഴിയുണ്ടാകുന്ന കോവിഡ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മുന്‍ഗാമിയേക്കാള്‍ ഇവയെ വ്യത്യസ്തമാക്കുന്നത് പെട്ടെന്നു മറ്റുള്ളവരിലേക്കു പടരാനുള്ള ശേഷിയാണ്. 2003 മുതല്‍ ഇതുവരെ സാര്‍സ് കോവ് 1 ബാധിച്ചത് എണ്ണായിരത്തോളം പേരെയാണ്, എഴുനൂറോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് എന്ന ഈ കൊലയാളി വൈറസ് ബാധിച്ചത് 2,249,717പേര്‍ക്കും ജീവനെടുത്തത് 154271 പേരുടേയുമാണ്.