കൊറോണ വൈറസ്; 2020 ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദാക്കി

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യു എസിലെ പ്രധാന വാഹന പ്രദര്‍ശനങ്ങളില്‍പെട്ട ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദാക്കുകയാണെന്ന് സംഘാടകരായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. വൈറസ് ഭീഷണിയിലായതോടെ 2020 ന്യൂയോര്‍ക്ക് ഓട്ടോ ഷോ ഓഗസ്റ്റിലേക്കു മാറ്റാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ യു എസില്‍ കൊറോണ ഭീകരതാണ്ഡവമാടിയതോടെ ന്യൂയോര്‍ക്കിലെ വാഹന പ്രദര്‍ശനവേദിയായ ജാവിറ്റസ് കണ്‍വന്‍ഷന്‍ സെന്റര്‍ തന്നെ താല്‍ക്കാലിക ആശുപത്രിയാക്കേണ്ട സാഹചര്യമായി.

സാധാരണ ഏപ്രില്‍ ആദ്യമാണ് ന്യൂയോര്‍ക്ക് ഓട്ടോ ഷോ സംഘടിപ്പിക്കാറുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റോടെ കാര്യങ്ങള്‍ സാധാരണ നിലയിലാവുമെന്നും തുടര്‍ന്ന് വാഹന പ്രദര്‍ശനം നടത്താനാവുമെന്നുമായിരുന്നു ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പ്രദര്‍ശന വേദി തന്നെ താല്‍ക്കാലിക ആശുപത്രിക്കു വഴിമാറുകയായിരുന്നു. സമീപ ഭാവിയിലൊന്നും വേദി വിട്ടുകിട്ടില്ലെന്നു ബോധ്യമായതോടെയാണു സംഘാടകര്‍ 2020 ന്യൂയോര്‍ക്ക് ഓട്ടോ ഷോ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ രണ്ടു മുതല്‍ 11 വരെയാവും അടുത്ത ന്യൂയോര്‍ക്ക് ഓട്ടോ ഷോയെന്നും ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

120 വര്‍ഷത്തെ പ്രൗഢ പാരമ്പര്യമാണു ന്യൂയോര്‍ക്ക് ഓട്ടോ ഷോയ്ക്ക് അവകാശപ്പെടാനുള്ളത്. കൊറോണ വൈറസ് സൃഷ്ടിച്ച വെല്ലുവിളിയെ തുടര്‍ന്ന് പല വാഹന പ്രദര്‍ശനങ്ങളും ഉപേക്ഷിച്ചിരുന്നു. ജൂണില്‍ നടക്കാറുള്ള ഡെട്രോയ്റ്റ് ഓട്ടോ ഷോ റദ്ദാക്കുകയാണെന്ന് സംഘാടകര്‍ മാര്‍ച്ചില്‍ തന്നെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍/ഒക്ടോബര്‍ കാലത്തു നടത്താറുള്ള പാരിസ് മോട്ടോര്‍ ഷോയും ഉപേക്ഷിച്ചിട്ടുണ്ട്.

ജനീവയിലെ വാഹന പ്രദര്‍ശനങ്ങളും റദ്ദാക്കിയവയില്‍ പെടും. ആഡംബര കാര്‍ അനാവരണങ്ങളുടെ പതിവു വേദിയാവുന്ന, കലിഫോണിയ പെബ്ള്‍ ബീച്ചിലെ കോണ്‍കോഴ്‌സ് ഡെ എലഗന്‍സും റദ്ദാക്കിയിരുന്നു. 2020ലെ ബെയ്ജിങ് ഓട്ടോ ഷോയാവട്ടെ സെപ്റ്റംബറിലേക്കു മാറ്റിവച്ചിരിക്കുകയാണ്. ഇതിനു പുറമെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനെ പോലുള്ള വന്‍കിട നിര്‍മാതാക്കളാവട്ടെ പതിവു ശൈലി വിട്ടു ഡിജിറ്റല്‍ രീതിയിലാണു പുത്തന്‍ മോഡല്‍ അവതരണങ്ങള്‍ നടത്തുന്നത്.
വാഹന പ്രദര്‍ശനം പോലുള്ള പരിപാടികള്‍ക്ക് വാഹന നിര്‍മാതാക്കളുടെയും മറ്റു പങ്കാളികളുടെയും ഭാഗത്തു നിന്ന് വലിയ ആസൂത്രണം ആവശ്യമാണെന്ന് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ക്ക് ഷീന്‍ബര്‍ഗ് പ്രതികരിച്ചു.

നിലവിലെ പ്രതികൂല സാഹചര്യത്തില്‍ 2020ലെ വാഹന പ്രദര്‍ശനവുമായി മുന്നോട്ടു പോകുക ഏറെക്കുറെ അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജനക്കൂട്ടം എത്തിച്ചേരാന്‍ സാധ്യതയുള്ള പരിപാടികള്‍ക്ക് ന്യൂയോര്‍ക്കില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.