എരുമേലി എയര്‍പോര്‍ട്ട്: കോടതി ഉത്തരവ് മറികടന്ന് സര്‍ക്കാര്‍ നീക്കം : ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭൂമി വാഗ്ദാനം തട്ടിപ്പ്

ആലപ്പുഴ:നിര്‍ദിഷ്ട എരുമേലി എയര്‍പോര്‍ട്ടിനായി ഗോസ്പല്‍ ഫോര്‍ ഏഷ്യ സര്‍ക്കാരിന് വിട്ടു നല്‍കാമെന്നേറ്റ ഭൂമി നിയമക്കുരുക്കില്‍. കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന 2623 ഏക്കര്‍ ഭൂമിയാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുളളത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോടതി ഉത്തരവ് ഇനിയും നീങ്ങിയിട്ടില്ല.

ഇക്കാര്യം മറച്ചുവെച്ചാണ് ട്രസ്റ്റ് സര്‍ക്കാരിന് ഭൂമി വാഗ്ദാനം നല്‍കിയതെന്ന രേഖകള്‍ പുറത്തായി. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് 2009 ല്‍ കേരള ഭൂസമര ജനകീയ ഏകോപന സമിതിയാണ് പാല സബ് കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചത്. 1492009 നമ്പരായുളള കേസില്‍ ഭൂസമര ഏകോപന സമിതി നേടിയ ഒ.എസ് -143 2009 ഉത്തരവാണ് ഇപ്പോള്‍ തടസ്സമാകുന്നത്. ഈ ഉത്തരവില്‍ ബിഷപ്പ് കെ.പി യോഹന്നാനോ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കോ മിച്ചഭൂമിയില്‍ യാതൊരു അവകാശവും ഇല്ലെന്നാണ് കോടതി പറഞ്ഞിട്ടുളളത്.

എന്നാല്‍ വിധി മരവിപ്പിക്കാന്‍ ട്രസ്റ്റോ, ബിഷപ്പോ കോടതിയെ സമീപിക്കാതിരുന്നത് കൂടുതല്‍ ദുരൂഹതയ്ക്ക് കാരണമായിട്ടുണ്ട്. വിധിക്കെതിരേ നീങ്ങണമെങ്കില്‍ ഭൂമി വിലയുടെ നിശ്ചിത ശതമാനം കോടതിയില്‍ കെട്ടിവെക്കേണ്ടതിനാലാണ് ട്രസ്റ്റ് അപ്പീലില്‍നിന്നും പിന്തിരിഞ്ഞതെന്ന ആരോപണവും ഉയരുന്നുണ്ട്. 11.88 കോടി രൂപാ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുളളത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട മുന്‍ ആധാരമോ സുതാര്യതയുള്ള മറ്റ് രേഖകളോ സമര്‍പ്പിച്ചാല്‍ കെട്ടിവെക്കേണ്ട തുക ഇരുപത്തി അഞ്ച് ലക്ഷമായി കുറയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

2005ല്‍ 186 കോടി രൂപയ്ക്കാണ് ഹാരിസണ്‍ മലയാളം ഗ്രൂപ്പ് ഗോസ്പല്‍ ഏഷ്യയ്ക്ക് ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നല്‍കിയത്. ഏറെ വിവാദങ്ങള്‍ക്ക് വിധേയമായ ഭൂമി വിട്ടുനല്‍കുന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. വിവാദ ഭൂമി വിട്ടുനല്‍കുക വഴി ട്രസ്റ്റ് അനധികൃതമായി കൈവശം വെച്ചിട്ടുള്ള 2400 ഏക്കര്‍ ഭൂമി സുരക്ഷിതമാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ആകെ 4600 ഏക്കര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റിന്റെ മറവില്‍ ട്രസ്റ്റ് കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് ഭൂസമര സമതി വിവരാവകാശത്തിലൂടെ കണ്ടെത്തിയത്. എന്നാല്‍ കരം അടയ്ക്കുന്ന 2623 ഏക്കര്‍ ഭൂമിയെ കുറിച്ചു മാത്രമെ സ്പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളൂ.

ഈ ഭൂമി സര്‍ക്കാരിന് തിരിച്ചു നല്‍കിയാല്‍ അനധികൃതമായി കൈവശമുള്ള അത്രയും തന്നെ ഭൂമി ട്രസ്റ്റിന് സ്വന്തമാക്കാമെന്ന ഉപദേശം ലഭിച്ചതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. ഉപദേശത്തിനു പിന്നില്‍ ഭൂമി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്ലീഡര്‍മാര്‍ തന്നെയാണെന്നാണ് ആക്ഷേപം.

മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടി കേരളത്തില്‍ കളമൊരുങ്ങുന്നു