മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി.എസ് 

കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികം 

കോടതിവിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് വി.എസിന്‍റെ ആവശ്യം 

വി.എസിന്‍െറ നീക്കം പ്രതിപക്ഷത്തിന് ശക്തി പകരും 

കൊലക്കേസില്‍ പ്രതിയായ എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സി.പി.ഐ (എം) കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കൊലക്കേസ് പ്രതിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് അധാര്‍മികമാണെന്നും കോടതിവിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിയുടെ വിടുതല്‍ ഹരജി തള്ളിയത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം ഒന്നടങ്കം മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നത്. വി.എസ്. കത്തയച്ചതോടെ സി.പി.എമ്മില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബന്ധു നിയമന വിവാദത്തില്‍ ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നിരുന്നു. ഈ ഒഴിവിലേക്കാണ് എം.എം. മണി മന്ത്രിയായത്.

കേസില്‍ രണ്ടാംപ്രതിയായ മണിയുടെ വിടുതല്‍ ഹരജി കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്‍െറ രാജി ആവശ്യം കൂടുതല്‍ ശക്തമാകുന്നത്. മണി കേസില്‍ പ്രതിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ സി.പി.എം മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് അതുകൊണ്ടുതന്നെ മണിക്കെതിരായ ഇപ്പോഴത്തെ വിധികൊണ്ട് രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സി.പി.എമ്മിന്‍െറ വാദം. എന്നാല്‍ അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്നം വീണ്ടും സങ്കീര്‍ണ്ണമാകുകയാണ്.

രാഷ്ട്രീയ ധാര്‍മ്മികതയാണ് വി.എസ്. ഉയര്‍ത്തിപ്പിടിക്കുന്നത്. വി.എസിന്‍റെ ആവശ്യം സര്‍ക്കാരിനെയും സി.പി.എമ്മിനെയും ഒന്നുപോലെ പ്രതിരോധത്തിലാക്കുമെന്ന് ആക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ കക്ഷികള്‍ മണിയുടെ രാജി ആവശ്യവുമായി മുന്നോട്ടുപോകാനാണ് സാധ്യത.

മണി രാജിവെക്കണമെന്ന് വി.എസ് കൂടി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലും ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം മണിയുടെ കേസ് നിര്‍ണ്ണായകമാണ്. വി.എസ് അച്യുതാനന്ദന്‍ ഇനിയുള്ള ദിവസങ്ങളില്‍ മണിയുടെ രാജിപ്രശ്നം പരസ്യമായി പൊതുവേദികളില്‍ ഉന്നയിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.