മദ്യലഹരിയില്‍ യുവാവ് റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കരുനാഗപ്പള്ളി: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയ കാര്‍ നീക്കാനാകാതെ വന്നതോടെ യുവാക്കള്‍ കാര്‍ ഉപേക്ഷിച്ചു മുങ്ങി. സ്ഥലത്തെത്തിയ റെയില്‍വേ പൊലിസ് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ സ്ഥലത്തു നിന്നു മാറ്റിയ ശേഷം കസ്റ്റഡിയിലെടുത്തു.

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ഇടക്കുളങ്ങര ലെവല്‍ ക്രോസിനോട് ചേര്‍ന്ന പഴയ റെയില്‍വേ ട്രാക്കില്‍ കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ആയിരുന്നു സംഭവം. ലെവല്‍ ക്രോസിലൂടെ അപ്പുറത്തേക്ക് കടക്കാനായിരുന്നു ശ്രമം.

കെ.എല്‍. 31 സി 1711 എന്ന കാറില്‍ മദ്യലഹരിയിലായിരുന്നവര്‍ ചവറ കെ.എം.എം.എല്‍.ലേക്ക് കടന്ന് പോകുന്ന പഴയ റെയില്‍വേ ലൈനിലേക്കാണ് കാര്‍ കയറ്റിയിട്ടത്. ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ ഗേറ്റ് കീപ്പര്‍ എത്തിയെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നുവര്‍ക്ക് കാര്‍ മാറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.