കോണ്‍ഗ്രസ് വാര്‍ഷിക ദിനത്തില്‍ ചേറ്റൂരിനെ ഓര്‍ക്കുമോ?

കോണ്‍ഗ്രസിന്‍െറ 131 ാം ജന്‍മദിനം ഡിസംബര്‍ 28ന്

ആദ്യ മലയാളി പ്രസിഡന്‍റിന്‍െറ ജന്‍മദിനമോ ചരമ ദിനമോ പാര്‍ട്ടി ആചരിക്കാറില്ല

എ.ഐ.സി.സിയുടെ ആദ്യത്തെ മലയാളിയായ ദേശീയ അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ ഒരു പടം പോലും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇല്ല. 

പാര്‍ട്ടിയുടെ 13-ാമത്തെ ദേശീയ പ്രസിഡന്റായിരുന്നു. 

തമ്മില്‍ത്തല്ലി തല കീറി നടക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇതിനൊക്കെ സമയമെവിടെ ?

– റോയ് മാത്യു-

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 131-ാം ജന്മദിനം ഡിസംബര്‍ 28-ന് സമുചിതമായി കെ.പി.സി.സി ആഘോഷിക്കാനൊരുങ്ങുമ്പോഴും പാര്‍ട്ടിയുടെ ആദ്യത്തെ മലയാളിയായ ദേശീയ പ്രസിഡന്റിന്റെ ഒരു ഫോട്ടോ പോലും കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയുടെ പതിമൂന്നാമത്തെ ദേശീയ അധ്യക്ഷനും മലയാളിയുമായി ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക്് പാര്‍ട്ടി ആസ്ഥാനത്ത് പോലും അയിത്തവും അവഗണനയും കല്‍പ്പിച്ചിരിക്കുകയാണ്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്കു ശേഷം മറ്റൊരു മലയാളി അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം നാളിതുവരെ വഹിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പടം പോലും പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെയ്ക്കാത്തതെന്നതിന് തൃപ്തികരമായ മറുപടി കോണ്‍ഗ്രസ് നേതൃത്വം പറയുന്നുമില്ല. വി.എം. സുധീരന്‍ പത്രസമ്മേളനം നടത്തുന്ന ഹാളില്‍ നെഹ്‌റു, ഗാന്ധിജി, വിവേകാനന്ദന്‍, അംബേദ്കര്‍, ഇന്ദിരാഗാന്ധി, ഇന്ദിരാഗാന്ധിയുടെ കുടുംബഫോട്ടോ, ഇ.ടി. ചാക്കോ, സി.എം. സ്റ്റീഫന്‍ തുടങ്ങിയവരുടെ പടം വെച്ചിട്ടുണ്ട്. ദോഷം പറയരുതല്ലോ അമ്മയുടെയും മോന്റെയും (സോണിയ, രാഹുല്‍) പടം വലിപ്പത്തില്‍ വച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലൊന്നും എ.ഐ.സി.സി. പ്രസിഡന്റായിരുന്ന ചേറ്റൂര്‍ ശങ്കരന്‍നായരുടെ പടം കാണാനില്ല. സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പിയും മോദിയും ചേര്‍ന്ന് അടിച്ചു മാറ്റിയ പോലെ സര്‍. സി. ശങ്കരന്‍നായരെയും ബി.ജെ.പിക്കാര്‍ തങ്ങളുടെ സ്വകാര്യ സ്വത്താക്കിയാലേ കോണ്‍ഗ്രസ് നേതൃത്വം ഈ മഹാനെ സ്മരിക്കാന്‍ തയ്യാറാകൂ എന്നാണ് തോന്നുന്നത്.

chettur

ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളും സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ നിയമ പരിഷ്‌കര്‍ത്താവുമായിരുന്ന ചേറ്റൂര്‍ സര്‍. സി. ശങ്കരന്‍നായര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന കാര്യം പോലും സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കളില്‍ എത്രപ്പേര്‍ക്കറിയാമെന്ന് കണ്ടറിയണം. 1857 ജൂലൈ 11-ന് മങ്കരയിലെ ചേറ്റൂര്‍ കുടുംബത്തില്‍ ജനിച്ച ശങ്കരന്‍നായരുടെ പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു. 1879-ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ നിയമബിരുദം നേടിയ ശേഷം ഇദ്ദേഹം വളരെ പെട്ടെന്നു തന്നെ മദ്രാസ് ഹൈക്കോടതിയിലെ തിരക്കേറിയ അഭിഭാഷകനായി മാറി. ശങ്കരന്‍ നായരുടെ നിയമരംഗത്തെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ നിരവധി കമ്മീഷണുകളുടെ തലപ്പത്ത് നിയമിച്ചു. 1897-ല്‍ അമരാവതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിമൂന്നാമത്തെ സമ്മേളനത്തില്‍ വച്ച് ശങ്കരന്‍നായരെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു അദ്ദേഹം. കേവലം 40 വയസ്സ് പ്രായം മാത്രമുള്ള ശങ്കരന്‍നായരുടെ നിയമനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. ഈ അത്യുന്നത പദവിയിലെത്തിയ ഏക മലയാളിയാണ്. പ്രസിഡന്റിന്റെ രണ്ടു വര്‍ഷത്തെ കാലാവധിക്ക് ശേഷം അദ്ദേഹം നിയമരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തെക്കേ ഇന്ത്യക്കാരനും ബ്രാഹ്മണനല്ലാത്ത ആദ്യ പ്രസിഡന്റും ശങ്കരന്‍ നായരായിരുന്നു. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള നേതാവിനെ കുറിച്ച് ഒരു അനുസ്മരണ ചടങ്ങ് പോലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നടത്താറില്ല. ഇദ്ദേഹത്തിന്റെ ജന്മദിനമോ ചരമദിനമോ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ആചരിച്ചിട്ടു പോലുമില്ല. പാര്‍ട്ടിയുടെ സ്ഥാപനങ്ങള്‍ക്കോ മന്ദിരങ്ങള്‍ക്കോ പോലും ഇദ്ദേഹത്തിന്റെ പേരൊന്നും നല്‍കിയിട്ടില്ല. ഒറ്റപ്പാലത്തുള്ള അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരക മന്ദിരം തന്നെ കാടു കയറി കിടക്കുകയാണ്.

ബ്രിട്ടീഷുകാരനല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ അഡ്വക്കേറ്റ് ജനറലും ചേറ്റൂരായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ നവീകരിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. അക്കാലത്ത് ഒരു മലയാളിക്ക് സ്വപ്‌നം കാണാന്‍ ആവാത്ത് പദവികള്‍ വഹിച്ച വ്യക്തികളാണ് ഇദ്ദേഹം. ഗാന്ധിജിയുടെ നയപരിപാടികളോട് വിയോജിപ്പുണ്ടായിരുന്ന ശങ്കരന്‍നായരുടെ ‘ഗാന്ധി ആന്റ് അനാര്‍ക്കി’ എന്ന പുസ്തകം അക്കാലത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

1898-ലെ അമരാവതി എ.ഐ.സി.സി.യിലെ ശങ്കരന്‍നായരുടെ പ്രസംഗം അക്കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബാലഗംഗാധര തിലകിന്റെ അറസ്റ്റും വിചാരണയുമായിരുന്നു ശങ്കരന്‍നായരുടെ പ്രസംഗത്തിന്റെ കാതല്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വേണമെന്നും നാട്ടുകാര്‍ക്ക് സ്വയംഭരണം വേണമെന്നായിരുന്നു അമരാവതി എ.ഐ.സി.സിയുടെ മുഖ്യപ്രമേയം.

ജാലിയന്‍ വാല കൂട്ടക്കൊലയുടെ ഉത്തരവാദിയായ ജനറല്‍ ഡയറുടെ നയങ്ങള്‍ക്കെതിരെ ശങ്കരന്‍ നായര്‍ സ്വീകരിച്ച നിലപാടുകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജഡ്ജി സ്ഥാനം വഹിച്ച കാലത്തു തന്നെ ആനി ബസന്റ്, ബാലഗംഗാധര തിലക്, സുരേന്ദ്രനാഥ് ബാനര്‍ജി, ഗോപാലകൃഷ്ണ ഗോഖലെ, മുഹമ്മദ് അലി ജിന്ന, ഗാന്ധിജി തുടങ്ങിയ നേതാക്കളുമായി ചേറ്റൂരിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1934 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞ് കാറില്‍ പോകുന്ന വഴിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം ഒരു മാസത്തോളം കിടപ്പിലായി. 1934 ഏപ്രില്‍ 24-ന് 77-ാമത്തെ വയസ്സില്‍ മദ്രസില്‍ മകളുടെ വീട്ടില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. മങ്കരയില്‍ ഭാരതപ്പുഴയുടെ തീരത്തായിരുന്നു സംസ്‌കാരം. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ചെറിയൊരു സ്മാരകം വീട്ടുകാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ നന്ദികേടിന്റെ പര്യായമായി ആ സ്മാരകം അവിടെ കാടുകയറി കിടപ്പുണ്ട്. 2017-ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികവുമാണ്. ഒരു ഫോട്ടോ ഓപ്പര്‍ച്യൂണിറ്റിയ്ക്ക് വേണ്ടിയെങ്കിലും സുധീരനും കൂട്ടരും ചേറ്റൂര്‍ അനുസ്മരണം നടത്തുമോയെന്ന് കാത്തിരുന്നു കാണാം.