കൊല്ലം: സാധാരണ സിനിമയില്‍ തിരക്ക് കൂടുമ്പോഴാണ് താരങ്ങളുടെ ഡേറ്റ് കിട്ടാതാവുന്നത്, എന്നാല്‍ കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിന് മണ്ഡലത്തിലെ തിരക്ക് കാരണം ഡേറ്റ് നല്‍കാന്‍ തയ്യാറല്ല. ഒരു സിനിമയ്ക്ക് അടുപ്പിച്ച് നാല് ദിവസത്തില്‍ കൂടുതല്‍ ഡേറ്റ് നല്‍കുന്നില്ല. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണിത്. എം.എല്‍.എ എന്ന നിലയില്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനാണ് ഷെഡ്യൂള്‍ ഇത്തരത്തില്‍ ക്രമീകരിച്ചത്. ദിലീപ് നായകനായ രാംലീലയില്‍ അഭിനയിക്കുകയാണ് മുകേഷ്. കൊച്ചിയില്‍ നാല് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം നേരെ കൊല്ലത്തേക്ക് പോകും. രാംലീലയില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് താരത്തിന്.
ദുല്‍ഖറിന്റെ അച്ഛനായത് പ്രായമായത് കൊണ്ടല്ല
സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായാണ് മുകേഷ് അഭിനയിക്കുന്നത്. തനിക്ക് പ്രായമായത് കൊണ്ടല്ല ആ വേഷം സ്വീകരിച്ചതെന്ന് മുകേഷ് വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണത്. ഞാന്‍ നാടകത്തില്‍ നിന്നാണ് സിനിമയില്‍ വന്നത്. അവിടെ പല തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല വേഷങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം. അത് നായകനായാലും അല്ലെങ്കിലും. ഒരു വര്‍ഷം മുമ്പാണ് സത്യന്‍ അന്തിക്കാട് പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്. കുറേ നാള്‍ കഴിഞ്ഞ് തിരക്കഥാകൃത്ത് ഇക്ബാല്‍കുറ്റിപ്പുറം കഥാപാത്രത്തെ പറ്റി വിവരിച്ചു. അതിന് ശേഷം സംവിധായകനും തിരക്കഥാകൃത്തും തിരക്കഥ വായിച്ച് കേള്‍പ്പിച്ചു. എന്നിട്ട് എന്തെങ്കിലും എതിര്‍പ്പുണ്ടോന്ന് ചോദിച്ചു. വിഡ്ഢികള്‍ക്ക് മാത്രമേ ഈ കഥാപാത്രത്തെ എതിര്‍ക്കാന്‍ കഴിയൂ എന്ന് താരം മറുപടി നല്‍കി. കഥ കേട്ടപ്പോള്‍ ദുല്‍ഖറും സത്യന്‍ അന്തിക്കാടിനോട് ചോദിച്ചു, ആരാണ് എന്റെ അച്ഛനായി അഭിനയിക്കുന്നത്. മുകേഷാണെന്ന് ്‌റിഞ്ഞ ശേഷമാണ് ദുല്‍ഖര്‍ അഭിനയിക്കാന്‍ തയ്യാറായത്.
അഭിനയം തുടരണമെന്ന് പിണറായി
നടനായത് കൊണ്ടാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എം.എല്‍.എ ആയപ്പോള്‍ അഭിനയം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വളരെ സെലക്ടീവായ അഭിനയിക്കൂ. എന്നിലെ നടന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന വേഷം വേണം. അഭിനയത്തിനൊപ്പം ബഡായി ബംഗ്ലാവ് പോലുള്ള ഷോയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഷോകളിലേക്ക് വിളിച്ചാല്‍ അതേക്കുറിച്ച് ആലോചിച്ച ഷേശമേ തീരുമാനം എടുക്കൂ. ആളുകളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ഇത്തരം ഷോകള്‍ സഹായിക്കും. സെല്‍ മി ദ ആന്‍സര്‍ എന്ന ഷോ ശരിക്കും വെല്ലുവിളിയാണെന്നും താരം പറഞ്ഞു.