രാജ്മോഹന്‍ ഉണ്ണിത്താനു നേരെ ചീമുട്ടയേറ് ; കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

കോണ്‍ഗ്രസ് 131-ാം ജന്മവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി കൊല്ലം ഡി.സി.സി ഓഫീസിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനു നേരെ ചീമുട്ടയേറ്. കഴിഞ്ഞദിവസങ്ങളിലെ കെ. മുരളീധരന്‍-ഉണ്ണിത്താന്‍ വാക്പോരിന്റെ പിന്നാലെയാണ് കയ്യേറ്റം. ഡി.സി.സി ഓഫീസിനു മുന്നിലെത്തിയ രാജ് മോഹന്‍ഉണ്ണിത്താന്റെ കാറിനു നേരെ ചീമുട്ടയെറിഞ്ഞ പ്രതിഷേധക്കാര്‍ കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. നേതാക്കള്‍ പണിപ്പെട്ടാണ് ഉണ്ണിത്താനെ സുരക്ഷിതമായി ഡി.സി.സി ഓഫീസിനുള്ളിലെത്തിച്ചത്.

കാമഭ്രാന്തനെ പുറത്താക്കുകയെന്ന മുദ്രാവാക്യവുമായാണ് മുരളീധരന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയത്. 2004-ലും മുരളീധരന്‍-ഉണ്ണിത്താന്‍ പോര് തെരുവിലെത്തിയിരുന്നു. അന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞാണ് പ്രതിഷേധക്കാര്‍ പക വീട്ടിയത്.

തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ കോണ്‍ഗ്രസ് എക്സിക്യൂട്ടീവില്‍ പങ്കെടുക്കാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ചെമ്പഴന്തി അനില്‍ എന്നിവരാണ് മുരളീധരന്‍ അനുകൂലികളുടെ പ്രതിഷേധത്തിന് ഇടയായത്. കൊല്ലത്ത് നടന്ന ആക്രമണത്തിനു പിന്നില്‍ പെയ്ഡ് ഗ്രൂപ്പുകാരാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശക്തമായതോടെ താക്കീതുമായി ഹൈക്കമാന്റ് രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് എ.കെ. ആന്‍റണി പ്രതികരിച്ചു.