പാർട്ടി വിടുമെന്ന പ്രചരണം തള്ളി കോണ്‍ഗ്രസ് നേതാവ് ടി. ശരത്ചന്ദ്ര പ്രസാദ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം തള്ളി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്‌. ആരൊക്കെ പോയാലും അവസാനം വരെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി. തന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ദൈവം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

28 വര്‍ഷമായി കെപിസിസി ഭാരവാഹിയാണ്‌. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ.എസ്.യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ്‌ പറഞ്ഞു.