ഹായ് കാപ്പിറ്റല്‍ സിറ്റി, ബൈ ബൈ ഡിയര്‍

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമെന്ന പദവിക്കൊപ്പം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ വിവാഹ മോചനം നടക്കുന്ന ജില്ലയെന്ന സ്ഥാനവും അലങ്കരിക്കുന്നുണ്ട്. പ്രതിവര്‍ഷം 7000ത്തോളം ദമ്പതികള്‍ ഈ ജില്ലയില്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമെന്ന പദവിക്കൊപ്പം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ വിവാഹ മോചനം നടക്കുന്ന ജില്ലയെന്ന സ്ഥാനവും അലങ്കരിക്കുന്നുണ്ട്. പ്രതിവര്‍ഷം 7000ത്തോളം ദമ്പതികള്‍ ഈ ജില്ലയില്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നുണ്ട്.

വിയര്‍പ്പുനാറ്റം, വായ്‌നാറ്റം, ഗ്യാസ് ട്രബിള്‍ തുടങ്ങിയ കാരണങ്ങളുടെ പേരില്‍ കല്യാണമൊഴിഞ്ഞുപോകുന്ന ദമ്പതികള്‍ വരെ ജില്ലയിലുണ്ട്. പറഞ്ഞ് പറഞ്ഞ് തേയ്മാനം സംഭവിച്ച അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കിനെ ചൊല്ലിയാണ് ദമ്പതികള്‍ തമ്മിലുള്ള പോര് ആധുനിക കാലത്ത് ആരംഭിക്കുന്നത്.
അണുകുടുംബങ്ങള്‍ സാര്‍വത്രികമായതോടെ കുട്ടികള്‍ക്ക് പങ്കുവെയ്പ്പിന്റെ അനുഭവങ്ങള്‍ ഏതാണ്ടില്ലാതായി. മക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിഭവങ്ങളും സൗകര്യങ്ങളും നേടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ മത്സരിച്ചു തുടങ്ങിയതോടെ നമ്മുടെ കുട്ടികള്‍ സ്വാര്‍ത്ഥരും തന്‍കാര്യക്കാരുമായി മാറിപ്പോയെന്ന് അഡ്വ. ഗീതാകുമാരി പറയുന്നു.
സംസ്ഥാനത്തെ 28 കുടുംബകോടതികളിലായി പ്രതിവര്‍ഷം 4500ലധികം കേസുകളാണ് ഫയല്‍ ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ മൂന്നുവീതം കോടതികളുണ്ട്.
സ്ത്രീപീഡനത്തെച്ചൊല്ലിയുള്ള നിരവധികേസുകള്‍ തെക്കന്‍ ജില്ലകളില്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ സ്ത്രീധന വിഷയത്തെക്കാളുപരി മറ്റ് പലകാരണങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നത്.
മൊബൈല്‍ ഫോണിന്റെ വരവോടെ ഫേയ്‌സ്ബുക്ക് -വാട്ട്‌സ് ആപ്പ് വഴിയൊക്കെ ദമ്പതികളുടെ വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ കല്യാണമൊഴിയുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതലായി ആരോപിക്കപ്പെടുന്ന കാരണങ്ങള്‍ കേരളത്തില്‍ തുലോം കുറവാണ്.
ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കിനിടെയില്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ ശൈഥില്യമാവുന്നതിന് മുഖ്യ കാരണങ്ങളിലൊന്നാണ് അകന്ന് താമസിക്കുന്ന ദമ്പതികള്‍ പുതിയ ഇണയെത്തേടിപ്പോകുന്നതിന്റെ പേരില്‍ വിവാഹ മോചനം തേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിത്വബോധം വലിയൊരളവില്‍ വിവാഹനമോചനങ്ങള്‍ക്കിടയാക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
മാനസികമായി പൊരുത്തപ്പെടാന്‍ കഴിയുമോയെന്ന് നോക്കാതെ ജാതകപ്പൊരുത്തം മാത്രം നോക്കി ആണിനെയും പെണ്ണിനെയും താലിച്ചരടില്‍ കുരുക്കിയിടുന്നതിന്റെ ഫലം ഒരു സങ്കടക്കണക്കായി മാറുകയാണ് കേരളത്തില്‍. കുടുംബകോടതികളില്‍ ഒരു ദിവസം എത്തുന്ന വിവാഹമോചന കേസുകളുടെ ശരാശരി എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ദേശീയ ശരാശരിയുടെ ഇരട്ടി കേസുകളാണ് കേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ശരാശരി രാജ്യത്ത് നാലുപേര്‍ വീതം വിവാഹമോചന ഹരജി കൊടുക്കുന്നുവെന്നാണ് കണക്ക്. ഇവിടെ അത് എട്ട് ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
ചെകുത്താന്‍ ഒപ്പമുള്ളതുപോലെയാണ് പല നവദമ്പതികളുടെയും കഥ. ഗര്‍വ്വിന് ഒരു കുറവുമില്ല. വിട്ടുവീഴ്ച്ച അഭിമാനക്ഷതമായി കാണുകയും ചെയ്യും. ലാളിച്ചുവളര്‍ത്തിയതിന്റെ സുഖക്കേടുകൂടി ചേരുമ്പോള്‍ കുടുംബകോടതിയില്‍ എത്താന്‍ ഒരു നിസ്സാര കാരണം മതി.
കാണിച്ചത് അബദ്ധമായിപ്പോയീന്ന് പലരും തിരിച്ചറിയുന്നത് രണ്ടാം വിവാഹം കഴിക്കുമ്പോഴാണ്. വീണ്ടും കുടുംബകോടതിയില്‍ പോവുക എളുപ്പമല്ലാത്തതിനാല്‍ ഗര്‍വ്വിന്റെ പത്തി മടങ്ങും. എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവും. രണ്ടാം വിവാഹത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ചയുടെ പകുതി മതി കുടുംബകോടതിയിലെ കേസുകളുടെ എണ്ണം കുറയാന്‍.
കുടുംബകോടതിക്ക് പുറമേ മജിസ്‌ട്രേറ്റ് കോടതിയിലും ദാമ്പത്യവുമായി ബന്ധപ്പെട്ട കേസുകള്‍ എത്തുന്നുണ്ട്. അതും വര്‍ദ്ധിച്ചുവരികയാണ്.
ബന്ധം തകര്‍ന്നടിയുന്നതിന്റെ റെക്കോര്‍ഡ് തിരുവനന്തപുരം ജില്ല നിലനിര്‍ത്തുകയാണ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതിയില്‍ ഫയല്‍ ചെയ്തത് 6000 കേസുകളാണ്.

കേരളത്തിലെ കുടുംബ കോടതികള്‍
1. തിരുവനന്തപുരം
2. കൊല്ലം
3. എറണാകുളം
4. ഏറ്റുമാനൂര്‍
5. തൃശൂര്‍
6. മലപ്പുറം
7. കോഴിക്കോട്
8. തിരുവല്ല
9. കണ്ണൂര്‍
10. നെടുമങ്ങാട്
11. കൊട്ടാരക്കര
12. ആലപ്പുഴ
13. കാസര്‍കോട്
14. പാലക്കാട്
15. തൊടുപുഴ
16. കല്‍പ്പറ്റ
17. ആറ്റിങ്ങല്‍
18. ചൊവ്വര
19. പത്തനംതിട്ട
20. മാവേലിക്കര
21. പാല
22. മൂവാറ്റുപുഴ
23. കട്ടപ്പന
24. ഇരിങ്ങാലക്കുട
25. ഒറ്റപ്പാലം
26. തിരൂര്‍
27. വടകര
28. തലശ്ശേരി