മോഹന്‍ലാലിന് ഇപ്പോള്‍ ശുക്രദശ

തെലുങ്കില്‍ ഇന്ന് മോഹന്‍ലാലിന് വലിയ മാര്‍ക്കറ്റാണ്. ജനതാഗ്യാരേജ് എന്ന ഒറ്റ സിനിമയുടെ വിജയമാണ് അതിന് പിന്നില്‍. ഒപ്പവും പുലിമുരുകനും ഹിറ്റായതോടെ ചിത്രങ്ങള്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത് ഇറക്കി. ഇവയുടെ വിതരണ അവകാശം അഞ്ച് കോടി വീതമായിരുന്നു. അതിന് പുറമേ തെലുങ്കില്‍ ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ജാതകപ്രകാരം മോഹന്‍ലാലിന് ഇപ്പോള്‍ ശുക്രദശയാണ്. കഴിഞ്ഞ ചിങ്ങമാസത്തോടെയാണ് വിഘ്‌നങ്ങള്‍ നീങ്ങിയത്. ജനതാ ഗ്യാരേജ് എന്ന സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴേ മോഹന്‍ലാലും അക്കാര്യം ഉറപ്പിച്ചിരുന്നു. 2013ല്‍ ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ഉണ്ടാക്കിയ തരംഗത്തിന് ശേഷം അത് പോലെയോ അല്ലെങ്കില്‍ മിനിമം അന്‍പത് ദിവസമെങ്കിലും ഓടിയ ഒരു സിനിമ ചെയ്യാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് മലയാളത്തിലുള്ള പല പ്രോജക്ടുകളും ഉപേക്ഷിച്ച് തെലുങ്കില്‍ പരീക്ഷണം നടത്തി. രണ്ടാമത്തെ തെലുങ്ക് ചിത്രമായ വിസ്മയം വലിയ തരംഗം ഉണ്ടാക്കിയില്ലെങ്കിലും തൊട്ട് പിന്നാലെ വന്ന ജനതാഗ്യാരേജ് ബോക്‌സ് ഓഫീസില്‍ തരംഗമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 കോടിയാണ് പടം വാരിയത്. ജൂനിയര്‍ എന്‍.ടി.ആറിനേക്കാള്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

തെലുങ്കില്‍ പൊന്നുംവില

തെലുങ്കില്‍ ഇന്ന് മോഹന്‍ലാലിന് വലിയ മാര്‍ക്കറ്റാണ്. ജനതാഗ്യാരേജ് എന്ന ഒറ്റ സിനിമയുടെ വിജയമാണ് അതിന് പിന്നില്‍. ഒപ്പവും പുലിമുരുകനും ഹിറ്റായതോടെ ചിത്രങ്ങള്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത് ഇറക്കി. ഇവയുടെ വിതരണ അവകാശം അഞ്ച് കോടി വീതമായിരുന്നു. അതിന് പുറമേ തെലുങ്കില്‍ ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒപ്പത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗാര്‍ജുനയാണ് നായകന്‍. രാജമൗലി അടക്കമുള്ള മാസ് സംവിധായകരും വന്‍ കിട നിര്‍മാണ കമ്പനികളും താരത്തിനെ വെച്ച് സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തെലുങ്കില്‍ 15 കോടിയാണ് പ്രതിഫലം.

നൂറ് കോടി തിളക്കത്തില്‍ പ്രതിഫലം അഞ്ച് കോടി

പുലിമുരുകന്‍ 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായതോടെ മോഹന്‍ലാല്‍ പ്രതിഫലം അഞ്ച് കോടിയാക്കി. ഇതിന്റെ നികുതി ഉള്‍പ്പെടെ നിര്‍മാതാവ് അടയ്ക്കണം. അങ്ങനെയാണ് താരങ്ങളുടെ വ്യവസ്ഥ. 100 കോടി കളക്ഷന്‍ തന്റെ സിനിമ നേടുമ്പോള്‍ അഞ്ച് കോടി പ്രതിഫലം പറ്റുന്നതില്‍ മോഹന്‍ലാലിനെ കുറ്റം പറയാനാവില്ല. എന്നാല്‍ അതിനനുസരിച്ചുള്ള തിരക്കഥകളും മറ്റ് സാങ്കേതിക വിദ്യകളും ഇല്ലെങ്കില്‍ പണി പാളും. പുലിമുരുകന്റെ ബഡ്ജറ്റ് 25 കോടിയായതിനാല്‍ വൈഡ് റിലീസിന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അനുമതി നല്‍കി. എല്ലാ സിനിമകള്‍ക്കും അങ്ങനെയുണ്ടാവണമെന്നില്ല.

ബി ക്ലാസുകളില്‍ എ ക്ലാസ് കളക്ഷന്‍

ബി ക്ലാസ് തിയറ്ററുകളിലും ഒരു മാസം ഫുള്‍ ഹൗസിലാണ് പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തിലെ ഏതാണ്ടെല്ലാ ബി ക്ലാസ് സെന്ററുകളിലും പുലിമുരുകന്‍ റിലീസായിരുന്നു. അതില്‍ വടക്കന്‍ പരവൂരിലെ സര്‍ക്കാര്‍ തിയേറ്ററില്‍ മാത്രമാണ് കളക്ഷന്‍ മോസമായത്, അതും രണ്ടാഴ്ചയ്ക്ക് ശേഷം. ചേര്‍ത്തലയിലെ സര്‍ക്കാര്‍ തിയേറില്‍ നിന്ന് ഒരു മാസം കൊണ്ട് നിര്‍മാതാവിന് കിട്ടിയ ഷെയര്‍ 36 ലക്ഷം രൂപയാണ്. മള്‍ട്ടി പ്ലക്‌സുകളില്‍ ഒരു മാസം എല്ലാ ഷോയും ഫുള്‍ഹൗസിലാണ് കളിച്ചത്. ദിവസം ഏഴ് ഷോവരെ നടത്തിയിട്ടുണ്ട്. വിദേശങ്ങളില്‍ പടം റിലീസ് ചെയ്യുന്നതിന് മുമ്പ് ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് വിറ്റ് തീര്‍ന്നിരുന്നു. വിദേശത്തെ വിതരണ അവകാശം 10 കോടിക്കാണ് വിറ്റത്.

യുദ്ധവും കുടുംബവും

മേജര്‍ രവിയുടെ വാര്‍ സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. 1971ലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ രാജസ്ഥാനിലാണ് ചിത്രീകരിക്കുന്നത്. 15 കോടിയിലധികം മുതല്‍ മുടക്ക് വരുന്ന സിനിമയാണിത്. ക്രിസ്മസിന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന കുടുംബ ചിത്രം റിലീസാകും. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രമാണിത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബുജേക്കബ് ഒരുക്കുന്ന ചിത്രത്തിന് സിന്ധുരാജാണ് തിരക്കഥ എഴുതിയത്. വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കനലിന് ശേഷം അനൂപ്‌മേനോന്‍ മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കൊച്ചിയില്‍ പുതിയ വീട്

താരത്തിന്റെ കൊച്ചിയിലെ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. നഗരഹൃദയത്തിലുള്ള ഇളമക്കരയിലാണ് 50 സെന്റോളം വരുന്ന ഭൂമിയില്‍ മനോഹരമായ വീട്. ഇപ്പോള്‍ താമസിക്കുന്ന തേവരയിലെ വീട് വില്‍ക്കും. ഏകദേശം 16 കോടിയോളം വിലമതിക്കുന്ന വീടാണിത്. തേവര കായലിന് തീരത്ത് പുരാതന വാസ്തുവിദ്യയുടെ സഹായത്തോടെ തടിയിലാണ് ഇത് നിര്‍മിച്ചത്. നിന്തല്‍ക്കുളം മള്‍ട്ടിജിം യോഗ ചെയ്യാനുള്ള പ്രത്യേക സൗകര്യം അന്‍പത് പേര്‍ക്കിരിക്കാവുന്ന ഹോം തിയേറ്റര്‍ അങ്ങനെ നിരവധി സംവിധാനങ്ങള്‍ ഈ വീട്ടിലുണ്ട്.

ഒരു വര്‍ഷം മുമ്പ് ആറ് കോടി മുടക്കി ചെന്നൈ മറീനാ ബീച്ചിനടുത്ത് പുതിയ വീട് പണിതിട്ടുണ്ട്. അവിടെ സെന്റിനല്ല, സ്‌ക്വയര്‍ഫീറ്റിനാണ് ഭൂമി വില. ഭാര്യ സുചിത്രയുടെ ആഗ്രഹപ്രകാരമാണ് അവിടെ വീട് നിര്‍മിച്ചത്. ഇതിന് പുറമേ ഊട്ടിയില്‍ യൂറോപ്യന്‍ മാതൃകയിലുള്ള ആഢംബര ബംഗ്ലാവുണ്ട്. മഹാബലിപുരത്ത് ബീച്ചിനടുത്ത് മറ്റൊരു വീടുണ്ട്.

വര്‍ക്കൗട്ട് രണ്ട് മണിക്കൂര്‍

ദിവസവും രണ്ട് മണിക്കൂറിലധികമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ഷൂട്ടിംഗിനായി എവിടെ പോയാലും ഇത് മുടക്കാറില്ല. മസില്‍ വരത്തക്ക രീതിയിലുള്ള എക്‌സര്‍സൈസല്ല നടത്തുന്നത്. ഗുസ്തി ചാമ്പ്യനായ താരം ആ രീതിയിലുള്ള വ്യായാമ മുറകളും ട്രെഡ്മില്ലിലെ നടത്തവുമാണ് ചെയ്യുന്നത്. ഒറ്റപ്പാലം, ഷോര്‍ണൂര്‍ ഭാഗങ്ങളിലാണ് ഷൂട്ടിംഗ് എങ്കില്‍ താരം രാവിലെ നടക്കാനിറങ്ങും. കാരണം അവിടുത്തുകാരെല്ലാം മോഹന്‍ലാലിനെ ഒരുപാട് നാളായി കാണുന്നു. കൊച്ചിയിലെ വീട്ടിലുളളപ്പോള്‍ മകന്‍ പ്രണവിനൊപ്പമാണ് വര്‍ക്ക്ഔട്ട്.