കൊച്ചിയിലെ പുതുവത്സര പാർട്ടികൾക്ക് പോലീസിന്റെ സെൻസറിങ്ങ്

 

നെഞ്ചിടിപ്പ് ഉയ‌ർത്തുന്ന ശബ്ദം ,അരണ്ട വെളിച്ചത്തിൽ മിന്നി മായുന്ന വർണ്ണങ്ങൾ ,ഡി.ജെ യുടെ സംഗീതത്തിന് അനുസരിച്ച് നൃത്ത ചുവടുകൾ  ഇതൊക്കെ ആയിരുന്നു പുതുവർഷത്തെ വരവേൽക്കാൻ  കൊച്ചിയിലെ യുവത്വം പദ്ധതിയിട്ടിരുന്നത് . പക്ഷെ ഇത്തവണ ഇതൊന്നും നടക്കില്ല .പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികൾക്ക് കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

അരണ്ട വെളിച്ചത്തിൽ പാർട്ടികൾ സംഘടപ്പിക്കാൻ പാടില്ല എല്ലായിടത്തും മതിയായ വെളിച്ച വിന്യാസം ഉറപ്പ് വരുത്തണം .കുടുംബങ്ങൾക്കും കുട്ടികൾക്കും  പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ മാത്രമെ ആഘോഷങ്ങൾ നടത്താൻ പാടുകയുള്ളു.പരിപാടികൾ നടക്കുന്ന ഇടങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ഉണ്ടാകും .സി.സി റ്റീ വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തണമെന്നുമാണ് ഹോട്ടൽ അധികൃധർക്ക് പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ.

ആഘോഷത്തിനിടെയുള്ള മദ്യത്തിൻ്റെ വിതരണവും ഉപയോഗവും അബ്കാരി ആക്റ്റ് അനുസരിച്ച് തന്നെ ആകണം ,പുതുവത്സര പാർട്ടികൾക്ക് യാതെരു ഇളവും ഇക്കാര്യത്തിൽ ഇല്ലെന്ന് പോലീസ് ഒാർമിപ്പിക്കുന്നു.പത്തരക്ക് ശേഷം മദ്യ വിൽപ്പന പാടില്ല. മയക്കുമരുന്നിൻ്റെ വ്യപകമായ ഉപയോഗം തടയാൻ വേണ്ടിയാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി ദിനേശ് പറയുന്നു.

രാത്രി 12.30 വരെയാണ് ആഘോഷങ്ങൾക്ക് പോലീസ് നൽകിയിരിക്കുന്ന സമയം ,ഒരു മണിയോടെ എല്ലാവരും തിരികെ വീട്ടിലേക്ക് മടങ്ങണമെന്നും ആണ് പോലീസ് അറിയിച്ചിരിക്കുന്നത് . പോലീസ് നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ്  സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത് . നിശാപ്പർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പോലീസ് നടപടികൾ സ്വാഗതാർഹം എന്ന് ഒരു കൂട്ടർ പറയുമ്പോ‌ൾ ,മയക്ക് മരുന്ന് തടയാനെന്ന പേരിൽ പോലീസ് കാടടച്ച്  വെടി വെക്കുകയാണെന്നും ഇക്കൊല്ലത്തെ പുതുവർഷ ആഘോഷങ്ങൾ വെള്ളത്തിലായെന്നും ഒരു കൂട്ടർ പറ‍ഞ്ഞ് തലയിൽ കൈ വെക്കുന്നു.