നന്ദൻകോട് കൂട്ടക്കൊല: പ്രതി കേഡലിനെ ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരം: മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേഡല്‍ ജിന്‍സനെ ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേഡലിന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുന്നത്. പ്രതി മാനസികനില തകരാറിലാണെന്ന് ജില്ല ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കേഡലിനെ പത്ത് ദിവസം നിരീക്ഷണത്തിന് വിധേയനാക്കും. റിമാൻഡിൽ കഴിയുന്ന പ്രതി കഴിഞ്ഞ ദിവസം പോലീസുകാരെ ആക്രമിച്ചിരുന്നു. തുടർന്നു കേഡലിനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. ശിക്ഷാ ഇളവു ലഭിക്കാനുള്ള പ്രതിയുടെ അടവാണോ ഇതെന്നും പോലീസ് സംശയിക്കുന്നു.

നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് കേദല്‍ ജിന്‍സണ്‍ രാജ അറസ്റ്റിലായത്. സാത്താന്‍ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് ആദ്യം മൊഴി നൽകിയ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് പോലീസിനോട് പറഞ്ഞിരുന്നു.