ബാങ്ക് മാനേജര്‍ക്കെതിരെ കള്ളക്കേസ്; ആഭ്യന്തരവകുപ്പ് ഇടപെടുന്നു

പേഴ്‌സി ജോസഫ്

തൃശൂര്‍ ജില്ലാ പോലീസ് മേധാവി നിഷാന്തിനി ഉള്‍പ്പെടെ വനിതാ പോലീസുകാര്‍ പ്രതിപട്ടികയില്‍. 

കള്ളക്കേസുണ്ടാക്കി മാനേജര്‍ പേഴ്‌സി ജോസഫിനെ ക്രൂരമായി മര്‍ദ്ദിച്ചു. 

വ്യാജ സ്ത്രീപീഡന കേസ് ചമച്ച പോലീസുദ്യോഗസ്ഥര്‍ പ്രതിക്കൂട്ടില്‍

തൊടുപുഴ : യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പേഴ്‌സി ജോസഫിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇടപെടുന്നു. കോടതിയും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍. ജനുവരി ഏഴിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോയുടെ മുന്നില്‍ ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് നിര്‍ദ്ദേശം.

വാഹന വായ്പ ആവശ്യപ്പെട്ട് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് ക്യാബിനില്‍ വെച്ച് മാനഭംഗിപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കേസ്. എന്നാല്‍ ഈ കേസ് പോലീസ് വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോടതി പേഴ്‌സി ജോസഫിനെ വെറുതെ വിട്ട് കേസ് തള്ളുകയായിരുന്നു. തൊടുപുഴ മുന്‍ എ.എസ്.പി ആര്‍. നിഷാന്തിനിയും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണെന്നാണ് കോടതി കണ്ടെത്തിയത്.vbm-vbnm

2011 ജൂലൈ 25-നായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്വന്തം ക്യാബിനില്‍ വെച്ച് പേഴ്‌സി ജോസഫ് ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് എ.എസ്.പി ഓഫീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രമീള ബിജുവാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ജൂലൈ 26-ന് പേഴ്‌സി ജോസഫിനെ എ.എസ്.പിയുടെ ഓഫീസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയെന്നുമാണ് കേസ്.

വായ്പ പുതുക്കി നല്‍കാത്തതിന്റെ പേരില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സനുമായി മാനേജര്‍ തര്‍ക്കത്തിലായിരുന്നു. ഇതിന്റെ പേരില്‍ വ്യാജ തെളിവുണ്ടാക്കാനാണ് പ്രമീള, യമുന എന്നിവരെ വേഷപ്രച്ഛന്നരാക്കി ബാങ്കില്‍ വിട്ടത്. വായ്പ എടുക്കാനെന്ന പേരിലായിരുന്നു ഇവര്‍ ബാങ്കിലെത്തിയത്. ഇത്. വ്യാജ തെളിവുണ്ടാക്കാനായിരുന്നുവെന്ന് കോടതി കണ്ടെത്തി.

പോലീസ് നടപടി ക്രൂരവും മൃഗയീവുമാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വിധത്തിലാണ് പോലീസ് പെരുമാറിയതെന്നും കോടതി കണ്ടെത്തിയിരുന്നു.

ഈ സംഭവത്തില്‍ ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ നീക്കം ആരംഭിച്ചത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാന്‍ അന്നത്തെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സാജന്‍ പീറ്റര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ പോലീസ് ഉദ്യോഗസ്ഥരുടെ സ്വാധീനം ഉപയോഗിച്ച് വകുപ്പ്തല അന്വേഷണം അട്ടിമറിക്കുകയായിരുന്നു. പിന്നീട്് ഡി.ജി.പിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചെങ്കിലും ആ അന്വേഷണ റിപ്പോര്‍ട്ടും പോലീസ് ഉദ്യോഗസ്ഥര്‍ മുക്കിയെന്നും ആരോപണമുണ്ട്.