മയക്കുമരുന്ന്: താരങ്ങള്‍ മനോരോഗ ചികിത്സയില്‍

കഞ്ചാവ് ചുരുട്ടാനെത്തിയ ആള്‍ സ്വഭാവനടന്‍

ലഹരിയില്‍ വഴിപിഴച്ച് താരത്തിന്റെ ഇളയ മകന്‍

വിദ്യാര്‍ഥിനികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നു

മയക്കുമരുന്ന് വ്യാപകമാക്കിയത് ന്യൂജെന്‍ ദമ്പതികള്‍

തിരുവനന്തപുരം: മലയാള സിനിമയിലെ പുതുമുഖ താരങ്ങളിലേറെയും മയക്കുമരുന്നിന് അടിമകളും കടുത്ത മാനസിക രോഗികളും. കൊച്ചി കേന്ദ്രീകരിച്ച് അടുത്തിടെ മുളച്ചുപൊന്തിയ ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരും താരങ്ങളുമാണ് മയക്ക്മരുന്നിന് അടിമകളും കടുത്തവിഷാദരോഗികളും ക്രിമിനലുകളുമായി മാറിയിരുക്കുന്നത്.

താരങ്ങളും അണിയറ പ്രവര്‍ത്തകരും മയക്കുമരുന്നിന് അടിമകളായതോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകാതെ പണനഷ്ടവും മാനഹാനിയും നേരിടുകയാണ് പല നിര്‍മ്മാതാക്കളും മുതിര്‍ന്ന താരങ്ങളും. ന്യൂജെന്‍ സിനിമയുടെ വക്താക്കളും കടുത്ത വിപ്ലവകാരികളുമായി അറിയപ്പെടുന്ന കൊച്ചിയിലെ ചലച്ചിത്ര ദമ്പതികളാണ് ഈ മേഖലയിലെ ലഹരി ഉപയോഗത്തിന് പൊതുസ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്. തൊണ്ണൂറുകളില്‍ എറണകുളത്തെ പ്രമുഖ കോളജിലെ സഹപാഠികളായിരുന്നവര്‍ ഒന്നാകെ ന്യൂജെന്‍ സിനിമയുടെ വക്താക്കളായി രംഗത്തെത്തിയതോടെയാണ് മയക്കുമരുന്ന് ഉപയോഗം സാര്‍വത്രികമായതെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നു. അടുത്തിടെ ഈ ദമ്പതികളില്‍ ഒരാള്‍ ബംഗലുരുവിലെ  നിംഹാന്‍സ് ആശുപത്രിയില്‍ ഡീ- അഡിക്ഷന് ചികിത്സ തേടിയിരുന്നു.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിന് അടിമകളായ ഈ താരങ്ങള്‍ മംഗലാപുരം, ബംഗലുരു, ഹൈദ്രബാദ് എന്നിവിടങ്ങളിലാണ് ചികിത്സതേടുന്നത്. ഇതില്‍ പലര്‍ക്കും പഴ്‌സണല്‍ സൈക്യാട്രിസ്റ്റുകള്‍ പോലുമുണ്ട്.

ഒരു പ്രമുഖതാരം തന്റെ ഇളയ മകനെ വീട്ടില്‍നിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. ന്യൂജെന്‍ താരമായ മകന്‍ മയക്കുമരുന്ന് കുത്തിവച്ച് നടത്തുന്ന അക്രമങ്ങളില്‍ പൊറുതിമുട്ടിയാണ് ഈ പിതാവിന് ഇങ്ങനെ ചെയ്യേണ്ടിവന്നത്.

പ്രമുഖ സംവിധായകരുടെയും നടന്‍മാരുടെയും മക്കളും അവരുടെ സുഹൃത്തുക്കളും കൂട്ടത്തോടെ ചലച്ചിത്രലേകത്തേക്ക് ചേക്കേറിയതാണ് ഈ മേഖലയിലെ അരാജകത്വത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമാ സെറ്റുകളില്‍ നടന്‍മാരുടെ സുഹൃത്തുക്കളായി എത്തുന്നവരാണ് കഞ്ചാവും മറ്റ് മയക്കുമരുന്നകളും എത്തിച്ച്‌കൊടുക്കുന്നത്. ഇത്തരത്തില്‍ സിനിമയുമായി പുലബന്ധം പോലുമില്ലാത്ത പലരും ഇന്ന് മുന്‍നിര താരങ്ങളാണ്. പ്രമുഖരായ സംവിധായകനും താരത്തിനുമൊപ്പം സെറ്റില്‍ പതിവായി കഞ്ചാവ് ചുരുട്ടിക്കൊടുക്കാന്‍ എത്തിയിരുന്ന ഒരാള്‍ ഇന്ന് സിനിമയിലെ സ്വഭാവനടനാണ്. എറണകുളത്തെ ഒരു സ്ഥലനാമം സ്വന്തം പേരിന് മുന്നില്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ ഇയാള്‍ നല്ലപിള്ള ചമയുന്നത്.

അദ്യസിനിമയില്‍ പരാജയപ്പെടുകയും പിന്നീട് താരമായി വളരുകയും ചെയ്ത ആലപ്പുഴ സ്വദേശി, ഇടുക്കി സ്വദേശിയായ യുവനടന്‍, മട്ടാഞ്ചേരി സ്വദേശിയും ജഗതിയുടെ ഗ്യാപ്പ് നികത്തുന്നത് താനാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുവ നടന്‍, പ്രമുഖ ചേരിപ്രദേശത്തിന്റെ പേരിലിറങ്ങിയ സിനിമയിലെ കാഥാപാത്രമായി തിളങ്ങിയ താരം, ഒരു സ്വര്‍ഗരാജ്യം സിനിമയില്‍ മുടിയനായ പുത്രന്റെ റോളിലെത്തിയ ആള്‍, നടനും സംവിധായകനും നിര്‍മ്മാതവുമായ പിതാവിന്റെ ജൂനിയറായി അറിയപ്പെടുന്ന സംവിധായകന്‍ ഇവരൊക്കെയാണ് മയക്കുമരുന്നിന്റെ പ്രധാനവക്താക്കള്‍. ഇതില്‍ പലരും പലതവണയായി മാനസികരോഗത്തിന് പോലും ചികിത്സതേടിയിട്ടുണ്ട്. എല്‍.എസ്.ഡി, കഞ്ചാവ്, കൊക്കൈന്‍, എക്‌സറ്റസി തുടങ്ങിയ ലഹരിവസ്തുക്കളാണ് ഇവര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഹൈദ്രബാദിലെ റാംബോജി ഫിലിംസിറ്റിയില്‍നിന്നാണ് കൊച്ചിയിലേക്ക് ലഹരി വസ്തുക്കളെത്തുന്നത്. ഷൂട്ടിംഗിന് ഹൈദ്രാബാദിലെത്തുന്ന താരങ്ങള്‍ തന്നെയാണ് ഇവ നാട്ടിലെത്തിക്കുന്നതും.

ന്യൂജെന്‍ നടിമാരും ലഹരി ഉപയോഗത്തില്‍ പിന്നിലല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ന്യൂജെന്‍ സംവിധായകന്റെ ഭാര്യ, പട്ടിസ്‌നേഹിയായ ആങ്കര്‍, ഈ ആങ്കറുടെ അതേ പേരില്‍ അറിയപ്പെടുന്ന ഗായിക, കോന്നി സ്വദേശിനിയായ നടി എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. മറ്റ് നടന്‍മാര്‍ക്ക് ലഹരി സപ്ലെ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ലഹരിയുടെ മറവില്‍ നിരവധി പെണ്‍കുട്ടികളാണ് സിനിമാസെറ്റില്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നത്. എയര്‍ ഹോസ്റ്റസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം,ഫാഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് കൊച്ചിയിലെത്തുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിലേറെയും. താരങ്ങളോടുള്ള ആരാധനയില്‍ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന ആഗ്രഹത്തിലാണ് ഇത്തരക്കാര്‍ ഷൂട്ടിംഗ് സെറ്റുകളിലെത്തുന്നത്. താരങ്ങളുടെ ഡ്രൈവറായും അസിറ്റന്റായുമൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ക്രമിനലുകളാണ് പെണ്‍കുട്ടികളെ സെറ്റിലെത്തിക്കുന്നത്. തുടര്‍ന്ന് താരങ്ങള്‍ക്കൊപ്പം ചെറിയതോതില്‍ ലഹരി ഉപയോഗിച്ച് തുടങ്ങുന്ന ഇവര്‍ പിന്നീട് ലൈംഗികചൂഷണത്തിന് ഇരയാകും. ഇത്തരക്കാര്‍ക്ക് ചെറുറോളുകള്‍ നല്‍കുന്നവരുമുണ്ട്.

ചലച്ചിത്രലോകത്ത് ലഹരി മാഫിയകളും ക്രമിനലുകളും അടക്കി വാഴുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നോക്കി നില്‍ക്കാനേ അമ്മ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് സാധിക്കുന്നുള്ളൂ. മുതിര്‍ന്ന നടന്‍മാരില്‍ പലരും ഇതില്‍ അസ്വസ്ഥരാണെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഒരു നേരത്തെ ചായ കുടിക്കാന്‍ പോലും പണമില്ലാത്ത പലരും ഇന്ന് നിര്‍മ്മാതാക്കളാകുകയും നിര്‍മ്മാണ കമ്പനികള്‍ തുടങ്ങുകയും ചെയ്തത് മുതിര്‍ന്ന താരങ്ങളും നിര്‍മ്മാതാക്കളും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.