പാവപ്പെട്ടവനെ വട്ടം ചുറ്റിക്കുന്ന സര്‍ക്കാര്‍ മാഫിയ

കോടിപതികളായ രാഷ്ട്രീയക്കാരുടെ ശ്രദ്ധക്ക്: ഇങ്ങനെയുള്ളവരും ഇവിടെയുണ്ട്

ചികിത്സാ സഹായം അനുവദിക്കാതെ പഞ്ചായത്ത് മന്ത്രിയും സെക്രട്ടറിയും പഞ്ചായത്ത് മുന്‍ അംഗമായ സുരേഷ്കുമാറിനെ ആട്ടിയകറ്റി

സത്യസന്ധനായ പഞ്ചായത്ത് മെംബര്‍ക്ക് ചികിത്സാ സഹായം നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

-പി.ബി. കുമാര്‍-

രാഷ്ട്രീയം കോടികൾ സമ്പാദിക്കാനുള്ള കുറുക്ക് വഴിയാണെന്നാണ് മലയാളികൾ പൊതുവേ വിശ്വസിക്കുന്നത്. ഒരു പഞ്ചായത്ത് അംഗമായാൽ ജീവിതം രക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്നവരാണ് അധികവും. എം.എൽ.എയോ എം.പിയോ ആയാൽ പറയുകയും വേണ്ട. മന്ത്രിയായാൽ നാൽപതു തലമുറക്കുള്ളത് സമ്പാദിക്കാം. അങ്ങനെയല്ലാത്ത ഒരാളുടെ കഥയാണിത്.

കഥാനായകൻ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഒന്നല്ല 15 കൊല്ലം. അഴിമതിക്കാരനല്ലാത്തതിനാൽ ഒന്നും സമ്പാദിച്ചില്ല. പട്ടികജാതിക്കാരനായതിനാൽ കുടുംബത്തിൽ ഇട്ടു മൂടാൻ സ്വത്തുമില്ല.

നാട്ടുകാര്യം നോക്കുന്ന തിരക്കിൽ സ്വന്തം കാര്യം ശ്രദ്ധിച്ചില്ല. അങ്ങനെ ഹൃദ് രോഗിയായി. എട്ടു വർഷങ്ങൾക്കു മുമ്പാണ് ആദ്യം രോഗമുണ്ടായത്. ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 1,91,785 രൂപ ചെലവായി. വീട്ടിൽ കാശില്ല. സമ്പാദ്യമായി അഴിമതി പണവുമില്ല. അങ്ങനെ പഞ്ചായത്ത് മെമ്പറായ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് പി.ബി.സുരേഷ് കുമാർ പഞ്ചായത്ത് കമ്മിറ്റിയെ സമീപിച്ചു.2015 ഒക്ടോബർ 3 ലെ കമ്മിറ്റി പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും സുരേഷ് കുമാറിന് സഹായം നൽകാൻ അനുവദിക്കണമെന്ന് സർക്കാരിന് അപേക്ഷ നൽകി. 2015 നവംബർ 20ന് സഹായം സംബന്ധിച്ച് കൂടുതൽ രേഖകൾ ഹാജരാക്കാൽ സർക്കാർ കത്ത് നൽകി. പ്രിയപ്പെട്ട പഞ്ചായത്ത് അംഗത്തിന് സഹായം ലഭിക്കാൻ ആവശ്യമായ എല്ലാ രേഖകളും കുത്യസമയത്ത് നൽകി. നാലു മാസങ്ങൾക്ക് ശേഷം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി തങ്ങളുടെ അപേക്ഷ നിരസിച്ച് പഞ്ചായത്തിന് കത്തയച്ചു.

തുടർന്ന് പഞ്ചായത്ത് മന്ത്രിക്ക് മുമ്പിൽ ഗ്രാമ പഞ്ചായത്ത് അപേക്ഷയുമായി ചെന്നു. മന്ത്രിയുടെ നിർദ്ദേശം അതിലും വിചിത്രമായിരുന്നു. 2014 ഒക്ടോബർ മുതൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധിളുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ ചികിത്സാ പദ്ധതിയായ ചിയാക്കിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അതിനാൽ സഹായം നൽകാൻ ആവില്ലെന്നും അറിയിച്ചു. മന്ത്രിമാർക്ക് കോടികൾ ചികിത്സാ സഹായമായി നൽകുമ്പോഴാണ് ഇതെന്നോർക്കണം.

പഞ്ചായത്ത് വീണ്ടും സർക്കാരിനെ സമീപിച്ചു. ആദ്യ അപേക്ഷ സമർപ്പിച്ച് ഒരു വർഷത്തിനു ശേഷം സുരേഷ് കുമാറിന്റെ അപേക്ഷ ഒരു പ്രത്യേക കേസായി പരിഗണിച്ച് 2016 ഒക്ടോബർ 25 ന് 50,000 രൂപ നൽകാൻ തീരുമാനിച്ചു

എന്നാൽ സിസംബർ ആയിട്ടും 50,000 രുപ പോലും നൽകിയില്ല. തുടർന്ന് സുരേഷ് കുമാർ മനഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 50,000 രൂപ ഉടൻ തൽകണമെന്നും ചികിത്സക്ക് ചെലവായ ബാക്കി തുക ചിയാക്കിൽ ഉൾപ്പെടുത്തി ഉടൻ നൽകണമെന്നും കമ്മീഷൻ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഒരു വർക്കിന് ഏറ്റവും ചുരുങ്ങിയ കമ്മീഷൻ 10 ശതമാനമാണ്. ഒരു ചെറിയ പാലം നിർമ്മിച്ചാൽ തീരാവുന്നതേയുള്ളു സുരേഷിന്റെ കടം. എന്നാൽ സുരേഷ് അതിൻ തയ്യാറായില്ല. ഇങ്ങനെയുള്ളവർ ഇവിടെ ജീവിച്ചിരിക്കുന്നതുകൊണ്ടാണല്ലാ നമ്മുടെ ഭുമി കടലെടുത്ത് പോകാത്തത്.