കര്‍ത്താവിന്റെ മണവാട്ടിയെ സഭ വീണ്ടും പീഡിപ്പിക്കുന്നു

സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍

കന്യാസ്ത്രീയുടെ പരാതി പോലീസ് അട്ടിമറിച്ചു 

ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ സഭാ അധികാരികള്‍ ശ്രമിക്കുന്നു; ഫോണ്‍ ചോര്‍ത്തുന്നു

സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ വീണ്ടും മനുഷ്യവകാശ കമ്മീഷനെ സമീപിച്ചു

തനിക്ക് സംരക്ഷണം ആവശ്യമാണെന്നും നീതി ലഭിച്ചിട്ടില്ലെന്നും പരാതി

-പി.ബി. കുമാര്‍-

പാലാ രൂപത മോഷണക്കേസില്‍ പ്രതിയാക്കിയ കന്യാസ്ത്രീക്ക് പീഡനങ്ങള്‍ അവസാനിക്കുന്നില്ല. തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച കോട്ടയം ജില്ലാ പോലീസ് അധികൃതര്‍ സഭാ അധികൃതരുമായി ഒത്തുകളിച്ച് തന്റെ പരാതി അട്ടമറിച്ചതായി ആരോപിച്ചുകൊണ്ട് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ എന്ന സിലിമോള്‍ സെബാസ്റ്റിയന്‍ വീണ്ടും മനുഷ്യവകാശ കമ്മീഷനെ സമീപിച്ചു.

പോലീസ് സഹായത്തോടെ തന്റെ ടെലിഫോണുകള്‍ ചോര്‍ത്തുന്നതായും തനിക്ക് അവകാശപ്പെട്ട തുക തരാതെ തന്നെ വീണ്ടും പീഡിപ്പിക്കുകയാണെന്നും നവംബര്‍ 24ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ ആരോപിക്കുന്നു.

താന്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ മഠം അധികാരികള്‍ ശ്രമിക്കുകയാണ്. മഠങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് പണവും സ്വാധീനവും ഉള്ളവര്‍ രക്ഷപ്പെടാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മഠങ്ങളില്‍ നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച് അവിടെ തടവില്‍ കഴിയുന്നവരെ രക്ഷിക്കണമെന്നും സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെടുന്നു.

വൃദമോചനത്തിനായി അപേക്ഷ നല്‍കിയ തനിക്ക് ആ അവകാശം മഠം അധികാരികള്‍ അനുവദിച്ച് തന്നെങ്കിലും ജീവനാംശമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ കേവലം അഞ്ചുലക്ഷം രൂപമാത്രമാണ് തന്നത്. സ്‌കൂള്‍ അധ്യാപിക എന്ന നിലയില്‍ 40 ലക്ഷം രൂപ മഠത്തില്‍ അടച്ചിട്ടുണ്ട്. ആ പണം മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ട് വാങ്ങിനല്‍കണമെന്നാണ് വീണ്ടും നല്‍കിയ പരാതിയില്‍ മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെടുന്നത്.

സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ എന്ന സിലിമോള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി
സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ എന്ന സിലിമോള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി

താന്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കാന്‍ സഭാ അധികാരികള്‍ ഗുണ്ടകളെ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ട്. തനിക്ക് സംരക്ഷണവും അടിയന്തരമായി ലഭിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ എഴുതിയ പരാതിയില്‍ സിസ്റ്റര്‍ ആവശ്യപ്പെടുന്നത്.

കർത്താവിന്റെ മണവാട്ടി കള്ളിയെന്ന് കത്തോലിക്ക സഭ

സഭാ അധികാരികളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് പോലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താന്‍ മുമ്പ് ഉന്നയിച്ച മുന്‍ പരാതികളില്‍ ഉറച്ചു നില്‍ക്കുന്നതായും നവംബര്‍ 24ന് മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ പറയുന്നു.

അധികാരികളുടെ അപ്രീതിക്ക് പാത്രമായ പല സന്യാസിനിമാരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകാണെന്നും സിസ്റ്ററുടെ പരാതിയില്‍ പറയുന്നുണ്ട്. സുഖലോലുപതയും അവിഹിത ബന്ധങ്ങളും അധികാര പ്രമത്തതയും കിടമത്സരങ്ങളുമാണ് മഠത്തില്‍ നടക്കുന്നത്.

വിവേകപൂര്‍വ്വം തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്ത ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ തടവിലാക്കി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് മാനസികരോഗികളും വികല വ്യക്തിത്വങ്ങളും ആക്കുന്ന പ്രക്രിയയാണ് മഠങ്ങളില്‍ നടക്കുന്നതെന്ന് സിസ്റ്റര്‍ കുറ്റപ്പെടുത്തുന്നു. 21 വയസ്സിനുശേഷം മാത്രമേ സന്യാസ പരിശീലനത്തിന് പ്രവേശനം നല്‍കാവൂ എന്ന ശുപാര്‍ശ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സഭാ ഭരണാധികാരികള്‍ അവകാശപ്പെടുന്നതുപോലെ മഠങ്ങളില്‍ ബ്രഹ്മചര്യമോ സമര്‍പ്പണമോ നടക്കാറില്ലെന്നും ലൈംഗിക അരാചകത്വമാണ് നടക്കുന്നതെന്നും മേരി സെബാസ്റ്റിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.