പിണറായി വിജയന്‍ വര്‍ഗീയത ഉള്ളില്‍ വച്ച് പെരുമാറുന്നയാള്‍; സിപിഎം നടപ്പാക്കുന്നത് ബിജെപി അജണ്ട’; കെ.പി.എ മജീദ്

    മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ വാദിയാണെന്ന ആക്ഷേപവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.പി.എ മജീദ്. മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കാണെന്നും പദവിക്ക് ചേരാത്ത പ്രതികരണമാണ് അദ്ദേഹം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് കെ.പി.എ. മജീദ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര വിമര്‍ശനമുന്നയിച്ചത്.

    ‘മുഖ്യമന്ത്രി സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വര്‍ഗീയ നിലപാടാണ് സ്വീകരിച്ചിക്കുന്നത്. പിണറായിയെ പോലെ ഉള്ളില്‍ ഇത്രയും വര്‍ഗീയത വെച്ച് പെരുമാറുന്ന നേതാവ് ഉണ്ടായത് സിപിഎമ്മിന്റെ ദൗര്‍ഭാഗ്യമാണ്.  ബി.ജെ.പി ഉത്തരേന്ത്യയില്‍ വിജയകരമായി നടപ്പാക്കിയ വര്‍ഗീയ അജണ്ട ഇവിടെ സി.പി.എം ഏറ്റുപിടിക്കുകയാണ്. ലീഗിന് ഇല്ലാക്കി  ആരെയാണ് സി.പി.എം വളര്‍ത്തുന്നത്? അടുത്ത തവണ ബി.ജെ.പി സീറ്റ് നേടിയാല്‍ അതിനു കാരണം സി.പി.എമ്മിന്റെ നയ വൈകല്യമാകും.’-  മജീദ് പറഞ്ഞു.