കൊല്ലം : മോഷണക്കേസിലെ യഥാര്‍ഥ പ്രതിയെ ആറുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ 2014-ല്‍ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണത്തിന്റെ പേരിൽ നിരപരാധിയെയായണ് പൊലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചതെന്നു വ്യക്തമായി. അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷിനെ(35)യാണ് മോഷണക്കുറ്റം ആരോപിച്ച് അന്ന് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലും 45 ദിവസം ജയിലിലും കഴിഞ്ഞതിന്റെ ഞെട്ടൽ ഈ യുവാവിന് ഇന്നും മാറിയിട്ടില്ല.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ തിരൂർ പോലീസ് മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടർന്ന് ദാസനെ അഞ്ചൽ പൊലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയ രീതിയും മെഡിക്കൽ സ്റ്റോറിൽ കയറിയ വഴിയും പ്രതി പൊലീസിന് പറഞ്ഞുകൊടുത്തു.
അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ 2014 സെപ്തംബർ 21-നാണ് മോഷണം നടന്നത്. ഈ കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചൽ പൊലീസ് പിടികൂടിയത്. മോഷണം നടന്ന് മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്.
പൊലീസ് ക്രൂരമായി മർദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു. ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ നുണപരിശോധനയിലും തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് ജയിൽമോചിതനായത്. ഓട്ടോറിക്ഷയുടെ ആർ.സി.ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.
മോഷണക്കേസ് ചാർത്തിക്കിട്ടിയതോടെ ഓട്ടോ ഓടിക്കാൻ പോലും ഈ യുവാവിന് പിന്നീട് കഴിഞ്ഞിരുന്നില്ല. ഇതോടെ രതീഷിന്റെ ഓട്ടോറിക്ഷ വീട്ടില്‍ക്കിടന്ന് നശിക്കുകയാണ്. അഞ്ചല്‍ പൊലീസിനെതിരേ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ 29-ന് വാദം കേള്‍ക്കാനിരിക്കെയാണ് യഥാര്‍ഥ പ്രതി പിടിയിലായത്.