വാഗമണിലെ നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ഉടമയായ ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കിയെന്ന് സിപിഐ; 9 പേര്‍ അറസ്റ്റില്‍ അറസ്റ്റിലായവര്‍

    വാഗമണ്‍: ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ച വാഗമണിലെ റിസോര്‍ട്ട് സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍.  ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അധ്യക്ഷനുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലിഫ് ഇന്‍ റിസോര്‍ട്ട്. ഷാജി കുറ്റിക്കാടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ അറിയിച്ചു. ഇതിനിടെ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുയുവതിയടക്കം ഒന്‍പത്‌പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

    അതേസമയം ലഹരി പാര്‍ട്ടി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിലെ ഇടതുനേതാക്കളുടെ നിര്‍ദേശപ്രകാരം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി  ഡി.സി.സി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോര്‍ട്ടില്‍ വിളമ്പിയ കേസിലും ഇയാള്‍ ആരോപണ വിധേയനാണെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

    ബര്‍ത്ത് ഡേ പാര്‍ട്ടിക്കായി ഓണ്‍ലൈന്‍ വഴിയാണ് റിസോര്‍ട്ട് ബുക്ക് ചെയ്യ്തതെന്നാ ഷാജി കുറ്റിക്കാട് പറയുന്നത്.  പരിധിയില്‍ കവിഞ്ഞ് ആളുകള്‍ എത്തിയത് ചോദ്യം ചെയ്തിരുന്നു. ലഹരി പാര്‍ട്ടിയെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും റിസോര്‍ട്ട് ഉടമ പറഞ്ഞു.

    നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണെന്നും പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം  കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

    ഇന്നലെ രാത്രിയിലാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നര്‍കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന്  വേട്ട നടന്നത്. നിശാപാര്‍ട്ടിക്ക് എത്തിച്ച എല്‍ എസ് ഡി, സ്റ്റാമ്പ്, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള  ലഹരി വസ്തുക്കളാണ് ഇവിടെ നിന്നും  പൊലീസ്  പിടിച്ചെടുത്തത്.

    അറുപത് പേരാണ്  നിശാപാര്‍ട്ടിക്ക് എത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് പേരെ അറസ്‌റ് ചെയ്തത്. 25 സ്ത്രീകളും ഉള്‍പ്പെട്ട സംഘമാണ് നിശാപാര്‍ട്ടിക്ക് എത്തിയത്.  സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ്  നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വ്യത്യസ്ത മേഖലകളിലുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ എത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ എസ് പി എസ് സുരേഷ്‌കുമാര്‍ പറഞ്ഞു.