കാര്‍ഷിക നിയമം തള്ളാന്‍ നിയമസഭാ സമ്മേളനം: അനുമതി നിഷേധിച്ച് ഗവര്‍ണര്‍

    തിരുവനന്തപുരം: രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിനിടയാക്കിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.  പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്.

    ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തു ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവര്‍ണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഗവര്‍ണര്‍ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.

    പ്രത്യേക സമ്മേളനം ഇനി എന്നു ചേരണമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സമ്മേളനം 2021 ജനുവരി 8 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ആ സമ്മേളന കാലയളവില്‍ കാര്‍ഷിക ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗവര്‍ണറുടെ അപ്രതീക്ഷിത തീരുമാനത്തോടെ സമ്മേളനത്തിനായി തലസ്ഥാനത്തേക്കു യാത്ര തിരിച്ച എംഎല്‍എമാരും വെട്ടിലായി.