മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടി; ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ കേസ്

    ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി.

    ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചിൽ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗർ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂർ സ്വദേശി രഞ്ജിത് കുമാർ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

    മരിച്ചവരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഈ അക്കൗണ്ടുകൾ വ്യാജരേഖ ചമച്ച് സജീവമാക്കി എ.ടി.എം. കാർഡ് സംഘടിപ്പിച്ചായിരുന്നു പണം പിൻവലിച്ചിരുന്നത്. 18 അക്കൗണ്ടുകളിൽനിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തിട്ടുണ്ട്.

    മറ്റു പ്രതികളായ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനടക്കം ക്രിമിനൽക്കേസുകളിൽ പ്രതികളാണ്.