തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും മേയർ, ചെയർപഴ്സൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് മേയർ, ചെയർപഴ്സൻ തെരഞ്ഞെടുപ്പും ച്ചയ്ക്കു രണ്ടിന് ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപഴ്സൻ തെരഞ്ഞെടുപ്പും നടക്കും. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേനയാകും തെരഞ്ഞെടുപ്പ്.
കണ്ണൂരിൽ കോൺഗ്രസ് കൗൺസിലർമാരുടെ രഹസ്യ വോട്ടെടുപ്പിൽ ടി.ഒ. മോഹനനെ മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. മോഹനന് 11, മുൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷിന് 9 എന്നിങ്ങനെ വോട്ട് ലഭിച്ചു. മുസ്‌ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച തുടരുകയാണ്.
തൃശൂർ കോർപറേഷനിൽ കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് എൽഡിഎഫ് പിന്തുണയോടെ മേയറാകും. 5 വർഷം മേയർ സ്ഥാനം വേണമെന്നായിരുന്നു ആവശ്യമെങ്കിലും ഒടുവിൽ 2 വർഷമെന്ന ധാരണയിലെത്തി. സിപിഎമ്മിലെ രാജശ്രീ ഗോപൻ ഡെപ്യൂട്ടി മേയറാകും.
മേയർ സ്ഥാനത്തേക്ക് തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ, കൊല്ലത്ത് പ്രസന്ന ഏണസ്റ്റ്, കൊച്ചിയിൽ എം. അനിൽകുമാർ, കോഴിക്കോട്ട് ബീന ഫിലിപ്പ് എന്നിവരുടെ പേരുകൾ ഇടതു മുന്നണി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
 
            


























 
				
















