രാഹുൽജീ എന്ത് മാജിക്കാണിത്?’ കാർഷിക പരിഷ്ക്കരണൽ ലോക്സഭയിൽ രാഹുൽ നടത്തിയ പ്രസംഗം ട്വീറ്റ് ചെയ്ത് ബി.ജെ.പി അധ്യക്ഷൻ

    ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പഴയൊരു പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. കാർഷിക മേഖലയിൽ പരിഷ്ക്കരണം ആവശ്യപ്പെട്ടുള്ള രാഹുലിന്റെ പ്രസംഗമാണ് നഡ്ഡ ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഇടനിലക്കാരെ ഒഴിവാക്കി ഉൽ‌പ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കർഷകർക്ക് അവസരമൊരുക്കണമെന്നാണ് രാഹുൽ പ്രംഗത്തിൽ ആവശ്യപ്പെടുന്നത്.

    “രാഹുൽജിക്ക് എന്ത് മാജിക്കാണ് സംഭവിക്കുന്നത്. നേരത്തെ നിങ്ങൾ വേണമെന്ന് വാദിച്ചിരുന്നതിനെ നിങ്ങൾ തന്നെ ഇപ്പോൾ എതിർക്കുന്നു. രാജ്യത്തിന്റെയോ കർഷകരുടെയോ താൽപ്പര്യങ്ങളുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തിൽ നിങ്ങൾ രാഷ്ട്രീയം മാത്രമേ കളിക്കാവൂ. എന്നാൽ നിങ്ങളുടെ കാപട്യം ഇനി ചെലവാകില്ല. രാജ്യത്തെ ജനങ്ങളും കർഷകരും നിങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട് ”വീഡിയോ ക്ലിപ്പ് പങ്കുവച്ചുകൊണ്ട് നഡ്ഡ ട്വീറ്റ് ചെയ്തു.

    കൃഷിക്കാർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ അവസരമൊരുക്കുന്ന കാർഷിക ബില്ലുകൾക്കെതിരായ കാർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.  കാർഷികമേഖയിൽ സർക്കാർ നൽകുന്ന പിന്തുണയെ ദുർബലപ്പെടുത്തുന്നതാണ് പുതിയ കാർഷിക നിയമങ്ങളെന്നാണ് സമരം ചെയ്യുന്ന കർഷകർ വാദിക്കുന്നത്.

    അമേത്തി എംപിയായിരിക്കെ ലോക്സഭയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് നഡ്ഡ ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഉത്തർപ്രദേശിലെ കർഷൻ ഒരു കിലോ ഉരുളക്കിഴങ്ങ് രണ്ട് രൂപയ്ക്ക് നൽകുമ്പോൾ  ഒരു പാക്കറ്റ് ചിപ്സ് 10 രൂപയ്ക്ക് വിൽക്കുന്നതിന് പിന്നാലെ മാജിക് എന്താണെന്നാണ് രാഹുൽ പ്രസംഗത്തിൽ ചോദിച്ചത്. ഫാക്ടറി വളരെ അകലെ ആയതിനാൽ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവരുടെ ഉൾപന്നങ്ങൾ  വിൽക്കാൻ കഴിയാത്തതാണ് ഇതിന് കാരണമെന്നും രാഹുൽ വിശദീകരിക്കുന്നു.

    രാഹുലിനെ വിമർശിക്കുന്നതിന് മുൻപ് ഉരുളക്കിഴങ്ങിന് എം.എസ്.പി ഏർപ്പെടുത്തിയിട്ടില്ലെന്നത് ബി.ജെ.പി നേതാവ് ഓർക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരിച്ചടിച്ചു. രാജ്യത്ത് ആവശ്യത്തിന് ഉൽപാദനം ഉണ്ടായിട്ടും ഉരുളക്കിഴങ്ങ് ഇറക്കുമതിക്ക് സർക്കാർ അനുമതി നൽകിയത് എന്തിനെന്നും വ്യക്തമാക്കണം. കാർഷിക മേഖലയിൽ പരിഷ്ക്കാരങ്ങൾ വേണമെന്നു തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. പക്ഷേ ഇവിടെ മൂന്നു കരിനിയമങ്ങളിലൂടെ കർഷകരുടെ ജീവിതത്തെ ആക്രമിച്ചതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും സുർജേവാല ട്വീറ്റ് ചെയ്തു. എന്തിനാണ് വിദേശത്ത് നിന്ന് ഒരു ദശലക്ഷം ടൺ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യുന്നതെന്നും വ്യക്തമാക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.