കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധം: ആലപ്പുഴയില്‍ വികാരിയെ ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

    ആലപ്പുഴ: പ്രായാധിക്യത്താല്‍ മരിച്ച കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം പള്ളിയിലടക്കാതെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഒരുസംഘം പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങളിലും ലൈഗീക ചൂഷണങ്ങളിലും മൃതദേഹങ്ങളോടുള്ള അനാദരവിലും പ്രതിഷേധിച്ച് ഓപ്പണ്‍ ചര്‍ച്ച്മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. അതേസമയം ഇടവകയുമായി വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ വഴിത്തര്‍ക്കമാണ് വീട്ടുവളപ്പിലെ ശവസംസ്‌കാരത്തിന് വഴിവെച്ചതെന്നാണ്  ഇടവക വികാരി പറയുന്നത്.

    ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാംവാര്‍ഡ് വെളീപ്പറമ്പില്‍ വര്‍ക്കി മത്തായി(83)യുടെ ശവസംസ്‌കാരച്ചടങ്ങാണ് വികാരിയെ ഒഴിവാക്കി വീട്ടുവളപ്പില്‍ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശവസംസ്‌കാരം. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട് 2012-മുതല്‍ ഇടവകയുമായി ഇടഞ്ഞുനില്‍ക്കുകയാണ് കുടുംബം.

    മരിക്കുന്നതിന്റെ തലേന്നാള്‍ വീട്ടിലെത്തിയ താന്‍ വിശുദ്ധജലം നല്‍കിയെന്നും മരണവിവരമറിഞ്ഞെത്തി വേണ്ട കര്‍മങ്ങളൊക്കെ ചെയ്തുവെന്നും ഇടവക വികാരി ഫാ. ജേക്കബ് കൊഴുവള്ളില്‍ വ്യക്തമാക്കി. വീട്ടില്‍ സംസ്‌കരിക്കണമെന്ന ആവശ്യം അറിഞ്ഞപ്പോള്‍ സ്വന്തം ഇടവകപ്പള്ളിയുമായി തര്‍ക്കമുണ്ടെങ്കില്‍ മറ്റേതെങ്കിലും പള്ളിയില്‍ ശവസംസ്‌കാരം നടത്താനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞിരുന്നതായി വികാരി കൂട്ടിച്ചേര്‍ത്തു.

    വീട്ടില്‍ നടന്ന ശുശ്രൂഷാകര്‍മത്തില്‍ ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് ചെയര്‍മാന്‍ റെജി ഞള്ളാനി, വിവിധ ജില്ലകളിലെ ഭാരവാഹികളായ ജോസി സെബാസ്റ്റ്യന്‍, ഒ.ഡി. കുര്യാക്കോസ്, എം.എല്‍. അഗസ്തി തുടങ്ങിയവര്‍ സഹകാര്‍മികരായി.

    പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ട് ഇരകളായി തീര്‍ന്നിട്ടുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള സമര്‍പ്പണമാണ് പിതാവിന്റെ മൃതശരീരം പള്ളി സെമിത്തേരിവിട്ട് വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നതിനുള്ള ഈ തീരുമാനമെന്ന് മകന്‍ ജിമ്മി പറഞ്ഞു.
    കത്തോലിക്കാസഭയില്‍ ഒരു ഇടവക അംഗത്തിന്റെ മൃതശരീരം ആചാരപൂര്‍വ്വം വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നത് സഭയിലെ ആദ്യത്തെസംഭവമാണ്. ഈ സംഭവം സഭയില്‍ വലിയൊരു സാമൂഹികപരിഷ്‌കരണത്തിന് നവീകരണത്തിനും തുടക്കംകുറിച്ചിരിക്കുകയാണെന്ന് ഓപ്പണ്‍ ചര്‍ച്ച് മുവ്മെന്റ്.
    ചെയര്‍മാന്‍ റെജി ഞള്ളാനി പ്രസ്താവനയില്‍ പറഞ്ഞു