പാലായില്‍ മാണി സി.കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും: പി.ജെ.ജോസഫ്

    തൊടുപുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി.കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നു പി.ജെ.ജോസഫിന്റെ പ്രഖ്യാപനം. പാലാ സീറ്റ് കാപ്പനു വിട്ടുകൊടുക്കാമെന്നും എന്‍സിപി സ്ഥാനാര്‍ഥിയായിത്തന്നെ കാപ്പന്‍ മത്സരിക്കുമെന്നാണു പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.

    ജോസഫ് പറഞ്ഞ കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണു മാണി സി.കാപ്പന്‍ എംഎല്‍എയുടെ പ്രതികരണം. പി.ജെ.ജോസഫ് കുടുംബസുഹൃത്താണ്. താനും എന്‍സിപിയും ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണെന്നും കാപ്പന്‍ പറഞ്ഞു.  ‘പാലായില്‍ ഞാന്‍ തന്നെ മത്സരിക്കും’ എന്ന് പിന്നീട് കാപ്പന്‍ വ്യക്തമാക്കി.

    എന്നാല്‍ എന്‍സിപി എല്‍ഡിഎഫ് വിട്ടു യുഡിഎഫിലെത്തുന്നതിനെക്കുറിച്ചു പറയേണ്ടതു പാര്‍ട്ടി നേതാവ് ശരദ് പവാറാണെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു താന്‍ കരുതുന്നുവെന്നും പി.ജെ.ജോസഫ് പറഞ്ഞു. എന്തായാലും പാലായില്‍ മാണി സി.കാപ്പന്‍ മത്സരിക്കുമെന്നു തനിക്ക് ഉറപ്പാണെന്നും ജോസഫ് ആവര്‍ത്തിച്ചു.

    ജോസ് കെ.മാണി ഇടതുമുന്നണിയില്‍ എത്തിയതോടെയാണു പാലാ സീറ്റ് അടുത്ത തവണ ആര്‍ക്ക് എന്ന ചര്‍ച്ച ആരംഭിച്ചത്. കേരള കോണ്‍ഗ്രസും എന്‍സിപിയും ഈ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതെക്കുറിച്ച് എല്‍ഡിഎഫ് ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

    അതേസമയം, മാണി. സി. കാപ്പന്‍ യുഡിഎഫിലേക്കു വരുമെന്നു പി.ജെ. ജോസഫ് പറഞ്ഞതു  ആരും ഗൗരവമായി എടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ പ്രതികരിച്ചു.