ഒൻപതേക്കർ നായയ്ക്ക്; വീട്ടുകാരുമായി പിണങ്ങി സ്വത്തിൽ പകുതി വളർത്തുനായയുടെ പേരിലെഴുതി ഉടമ

വിദേശ രാജ്യങ്ങളിൽ വളർത്തു മൃഗങ്ങളുടെ പേരിൽ സ്വത്ത് എഴുതി വയ്ക്കുന്ന പതിവുള്ളതായി കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് അത് വിരളമാണ്. അത്തരമൊരു സംഭമാണ് ഇപ്പോൾ മധ്യപ്രദേശിലെ ബാഡിബാബ ഗ്രാമത്തിൽ നിന്നും പുറത്തുവരുന്നത്. സ്വത്തിൽ പകുതി വളർത്തു നായയ്ക്ക് നൽകാനാണ് ഉടമയുടെ തീരുമാനം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് പകുതി സ്വത്ത് ഭാര്യക്കും ബാക്കി പകുതി വളർത്തു നായയ്ക്കും നൽകി വിൽപത്രമെഴുതാൻ ഉടമ തീരുമാനിച്ചത്. 18 ഏക്കര്‍ ഭൂമിയിൽ ഒൻപതേക്കർ തന്റെ മരണശേഷം വളർത്തുനായയ്ക്ക് നൽകണമെന്ന് ധാരണയുണ്ടാക്കിയിരിക്കുന്നത് അൻപത് വയസ് പ്രായമുള്ള ഓം നാരായണ വർമയാണ്.

നാല് പെൺമക്കളും ഒരാൺക്കുട്ടിയുമുൾപ്പെടെ അഞ്ച് മക്കളാണ് ഓം നാരായണ വർമയ്ക്കുള്ളത്. ഇവരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് നായയ്ക്ക് സ്വത്തിന്റെ വിഹിതം നൽകാൻ തീരുമാനിച്ചതെന്ന് ഓം നാരായണ വർമ വ്യക്തമാക്കി. തന്റെ മരണശേഷം നായയെ ഏറ്റെടുത്ത് അതിന്റെ മരണം വരെ നോക്കുന്നയാൾക്ക് നായയുടെ സ്വത്ത് ലഭിക്കുമെന്നും വിൽപത്രത്തിലുണ്ട്.