ലൈംഗികതയെയും മദ്യപാനത്തെയും പറ്റി യുവതി തുറന്നു പറഞ്ഞു; വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

    ചെന്നൈ: സ്ത്രീകളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ‘ചെന്നൈ ടോക്ക്‌സ്’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ദിനേശ് (31), അവതാരകന്‍ അസന്‍ ബാദ്ഷാ (23), ക്യാമറമാന്‍ അജയ് ബാബു (24) എന്നിവരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സമകാലീന വിഷയങ്ങള്‍, സിനിമ, ബന്ധങ്ങള്‍, ലൈംഗികത തുടങ്ങി വിവിധ വിഷയങ്ങളില്‍ യുവാക്കളുടെ അഭിപ്രായം തേടുന്ന പരിപാടികളായിരുന്നു ഈ ചാനലില്‍ അവതരിപ്പിച്ചിരുന്നത്.

    എന്നാല്‍ ഈയടുത്ത് ഇവരുടെ ഒരു വീഡിയോ വളരെയധികം വൈറലായിരുന്നു. ലൈംഗികതയെക്കുറിച്ചും മദ്യാപാനത്തെക്കുറിച്ചുമൊക്കെ ഒരു യുവതി തുറന്നു സംസാരിക്കുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെയാണ് ചാനല്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായത്. പൊതുസ്ഥലങ്ങളില്‍ അശ്ലീലത, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

    സ്ത്രീകളുടെ ഇത്തരത്തിലുള്ള അഭിമുഖങ്ങള്‍ സഭ്യമല്ലാത്ത നടപടിയാണെന്നും ഇനിയും തുടര്‍ന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സിറ്റി പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഒരു പ്രത്യേക വീഡിയോ വൈറലായ സാഹചര്യത്തില്‍ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

    യൂട്യൂബ് ചാനല്‍ പുറത്തുവിട്ട മൂന്ന് മിനിറ്റ് നീണ്ട ഒരു വീഡിയോയാണ് നിലവിലെ വിവാദങ്ങള്‍ക്കടിസ്ഥാനം. ഇതില്‍ ഒരു യുവതി സാധാരണ കാര്യങ്ങള്‍ പറയുന്നത് പോലെ ലൈംഗികതയെ പറ്റിയും സംസാരിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ നിയമവിരുദ്ധമായി എന്താണുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുന്നൂറോളം വീഡിയോകള്‍ ഉള്ള ചാനല്‍ പൊതുജനങ്ങളുടെ രസകരമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.

    പൊലീസ് പറയുന്നതനുസരിച്ച്, പൊതുസ്ഥലത്ത് വച്ച് തീര്‍ത്തും അസുഖകരങ്ങളായ ചോദ്യങ്ങളാണ് അവര്‍ സ്ത്രീയോട് ചോദിച്ചത്. അതിനുശഷം ആളുകളുടെ ശ്രദ്ധ കിട്ടുന്ന തരത്തില്‍ അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ മാത്രം അപ്ലോഡ് ചെയ്തു എന്നാണ്. പക്ഷെ അവതാരകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലാതെ മറുപടി നല്‍കുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

    കൂടുതല്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നതിനായാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്നതെന്നാണ് യുവാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. യൂട്യൂബ് വഴി ഏതാണ്ട് ഒരുലക്ഷത്തോളം രൂപ മാസവരുമാനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളെ തന്നെ പൊതുജനങ്ങളാക്കി നിര്‍ത്തിയും ഇവര്‍ വീഡിയോ ചിത്രികരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

    പൊലീസ് പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ഇല്ലിയോറ്റ്‌സ് ബീച്ചില്‍ ഷൂട്ടിംഗിനിടെയാണ് മൂവര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്. അവിടെ മോശം വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളുമായി ഇടപെടുന്നതിനിടെയായിരുന്നു അറസ്റ്റ് എന്നാണ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

    അതേസമയം ഈ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഇവരുടെ വിവാദ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ചുള്ളതായിരുന്നു എന്നും ഇതിനായി തനിക്ക് 1500 നല്‍കിയിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ചില നിബന്ധനകള്‍ ലംഘിച്ച സാഹചര്യത്തില്‍ താന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഇവര്‍ ഒരു ചാനലിനോട് സംസാരിക്കവെ അറിയിച്ചു. വീഡിയോയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയെന്നും താന്‍ പറഞ്ഞുവന്ന കാര്യത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം അതില്‍ നഷ്ടമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

    വീഡിയോയുടെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്യണമെന്ന് ചാനല്‍ ഉടമകളോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് ചെയ്തിരുന്നില്ല. പല കമന്റുകളും വളരെ വേദനിപ്പിക്കുന്നതായിരുന്നുവെന്നും താന്‍ വിഷാദത്തിനടിയാകുന്ന സാഹചര്യം ഉണ്ടായെന്നും ഇവര്‍ വ്യക്തമാക്കി.