എന്റെ സാമ്രാജ്യത്തിലെ പടനായകന്‍’; പുതിയ അതിഥിയെ സ്വാഗതം ചെയ്ത് അനുശ്രീ

വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് അനുശ്രീ. സഹോദരന്‍ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

”ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നാണ് രസകരമായ കുറിപ്പില്‍ അനുശ്രീ പറയുന്നത്.

സഹോദരന് കുഞ്ഞു പിറക്കാന്‍ പോവുന്ന വിശേഷം മുന്‍പും അനുശ്രീ പങ്കുവച്ചിരുന്നു. ”വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. പലഹാരങ്ങള്‍, പഴങ്ങള്‍…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെയും ആതിരയുടെയും വിവാഹം.

ലോക്ക്ഡൗണിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാര്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.