സ്റ്റേഷനുകളില്‍ ഇങ്ങനെ പെരുമാറരുത്; ഡിസിപി ഐശ്വര്യയ്ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ്.

    കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് താക്കീത്.

    സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഐശ്വര്യ മഫ്തിയില്‍ എറണാകുളം നോര്‍ത്തിലുള്ള വനിത പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തുന്നത്. വാഹനം നോര്‍ത്ത് സ്റ്റേഷനു മുന്നില്‍ പാര്‍ക്കു ചെയ്തശേഷം നടന്നു സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തില്‍ സ്റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു.

    ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തില്‍ വന്നതു കണ്ടില്ലെന്നും സിവില്‍ വേഷത്തിലായതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു.

    അതേസമയം, കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും സ്ഥലത്തില്ലാതിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫിസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് പൊലീസുകാര്‍ക്കിടയില്‍നിന്ന് ഉയരുന്നത്.