മുലയാത്തിന് പെരുന്തച്ചന്‍ കോംപ്ലക്‌സ്: യു.പിയില്‍ എസ്.പി കത്തുന്നു

 ലക്‌നൗ: മക്കള്‍ തന്നേക്കാള്‍ ഉയരത്തിലെത്തുന്നത് ചില അച്ഛന്‍മാര്‍ക്ക് പിടിക്കില്ല, മലയാളത്തില്‍ ഇതിനെ പെരുന്തച്ചന്‍ കോംപ്ലക്‌സ് എന്ന് പറയും. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലും ഇതാണ് സംഭവിച്ചത്. മകന്‍ അഖിലേഷ് യാദവ് രാഷ്ട്രീയത്തിലും പാര്‍ലമെന്ററി രംഗത്തും അതികായനായി വളരുന്നത് മുലായം സിംഗ് യാദവിന് ഇഷ്ടമായില്ല. പക്ഷെ, പെരുന്തച്ചനിലെ ക്‌ളൈമാക്‌സ് യു.പിയില്‍ നടന്നില്ല. അതിന് മുമ്പ് മകന്‍ അച്ഛനെയും അമ്മാവനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ശിവപാല്‍ യാദവിനെയും ഒതുക്കി. ഇരുവരുടെയും അടുത്തയാളായ അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പിഴുതെറിഞ്ഞു. ഇതാണ് ന്യൂജനറേഷന്‍. പാര്‍ട്ടി ദേശീയ അധ്യക്ഷനായി അഖിലേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അഖിലേഷിന്റെ നടപടികള്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുലായം ആരോപിച്ചു.  അടുത്ത തിങ്കളാഴ്ച ലക്‌നൗവിലെ ജനേശ്വര്‍ മിശ്ര പാര്‍ക്കില്‍ അദ്ദേഹം ദേശീയ കണ്‍വെന്‍ഷന്‍ നടത്തുന്നുണ്ട്. അതേസമയം മുലായത്തിന്റെ അനുമതിയോടെയാണ് അഖിലേഷ് ദേശീയ കണ്‍വെന്‍ഷന്‍ നടത്തിയതെന്ന് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ വ്യക്തമാക്കി. മുലായം സിംഗ് തന്നെയാണ് പാര്‍ട്ടിയുടെ രക്ഷാധികാരിയെന്നും അവര്‍ പറഞ്ഞു. അഖിലേഷ് നടത്തിയ കണ്‍വെന്‍ഷനെതിരെ പ്രമേയം പാസാക്കാന്‍ ശിവപാല്‍ യാദവ് മുലായത്തിന്റെ വ്യാജ ഒപ്പിട്ടെന്ന് രാജ്യസഭാംഗവും അഖിലേഷിന്റെ അടുത്ത അനുയായിയുമായ രാംഗോപാല്‍ യാദവ് വെളിപ്പെടുത്തി.
പാര്‍ട്ടിയെയും അച്ഛനെയും സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ട്ടിയുടെ തലവന്‍ പിതാവ് തന്നെയാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഈ സമയം ഏറെ നിര്‍ണായകമാണെന്നും പറഞ്ഞു. അതേസമയം സമാജ്വാദി പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് ദേശീയ പ്രസിഡന്റിന് മാത്രമേ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ അധികാരമുള്ളെന്ന് റിട്ട. ജഡ്ജായ സി.ബി പാണ്ടേ വ്യക്തമാക്കി. എന്നാല്‍ ദേശീയ എക്‌സിക്യൂട്ടീവിലെ പകുതി അംഗങ്ങളോ  പാര്‍ലമെന്ററി ബോര്‍ഡോ ആവശ്യപ്പെട്ടാല്‍ ദേശീയ കണ്‍വെന്‍ഷന്‍ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ 24 എം.പിമാരില്‍ 15 പേരും അഖിലേഷിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇവരില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍, ബന്ധു ധര്‍മേന്ദ്ര, അനന്തരവന്‍ തേജ് പ്രതാപ് എന്നീ എം.പിമാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
 പാര്‍ട്ടിയുടെ 229 എം.എല്‍.എമാരില്‍ 207 പേരും 67 മന്ത്രിമാരില്‍ 40 പേരും 150 ജില്ലാ പ്രസിഡന്റുമാരില്‍ 100 പേരും അത്രയും ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്തു. നേതാക്കളും ജനപ്രതിനിധികളും അഖിലേഷിനൊപ്പമാണെന്നാണ് ഇത് തെളിയിക്കുന്നത്. ദേശീയ പ്രസിഡന്റ് മുലായം സിംഗിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് കിരണ്‍മോയി നന്ദയാണ് കണ്‍വന്‍ഷനില്‍ അധ്യക്ഷനായതെന്നും പാര്‍ട്ടി ഭരണഘടന അതിന് അനുവദിക്കുന്നുണ്ടെന്നും രാംഗോപാല്‍ വ്യക്തമാക്കി. കണ്‍വെന്‍ഷന്‍ പാസാക്കിയ പ്രമേയം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുലായം സിംഗ് ചൊവ്വാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്നും ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് അഖിലേഷ് പുറത്താക്കിയ ശിവ്പാല്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുലായത്തിന്റെ വീട്ടില്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. 20 എം.എല്‍.എമാരും 12 മന്ത്രിമാരും മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ സി.ബി.ഐ അന്വേഷം നേരിടുന്ന ചില നേതാക്കള്‍ ബി.ജെ.പിയെ സഹായിക്കാനാണ് ഇത്തരത്തിലൊരു പ്രതിസന്ധി പാര്‍ട്ടിയില്‍ സൃഷ്ടിച്ചതെന്ന് ശിവപാല്‍ ആരോപിച്ചു. രാം ഗോപാലിന്റെ മകനെതിരായ അഴിമതിക്കേസ് സി.ബി.ഐ അന്വേഷിച്ചുവരുകയാണ്. മകനെ രക്ഷിക്കാനുള്ള നീക്കമാണ് സമാജ് വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നതെന്നും എതിര്‍പക്ഷക്കാര്‍ ആക്ഷേപിക്കുന്നു.