ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കില്ല

ഞാന്‍ സി.പി.എമ്മില്‍ സംതൃപ്തന്‍

തനിക്കെതിരെ വാര്‍ത്തയെഴുതിവരുടെ ലക്ഷ്യം വ്യക്തമല്ല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് സി.പി.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് വിട്ട് ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന തരത്തില്‍ ചില പത്രങ്ങളിലും വെബ്‌സൈറ്റുകളിലും വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ദിവൈഫൈറിപ്പോര്‍ട്ടറോട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അറിയിച്ചത്.

ഇരുപതു വര്‍ഷത്തോളമായി സി.പി.എമ്മിനൊപ്പം പ്രവര്‍ത്തിക്കുന്ന തനിക്ക് പാര്‍ട്ടി കാര്യമായ പരിഗണനയാണ് നല്‍കുന്നത്. രണ്ടുതവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം തന്നു. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും അതില്‍ പരിഭവമില്ല. ബോര്‍ഡ്- കോര്‍പറേഷന്‍ എം.ഡി സ്ഥാനങ്ങളിലേക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തവണ തന്നെ ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതിരുന്നത്. സി.പി.എം തന്നെ എത്രത്തോളം വിശ്വസിക്കുന്നുവെന്നതിന് തെളിവാണ് പാര്‍ട്ടി ആസ്ഥാനത്ത് ഓഫീസ് അനുവദിച്ചത്. അതിനാല്‍ സി.പി.എം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല.

കോണ്‍ഗ്രസിലെത്തിക്കാന്‍ സുധീരന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കുകയോ താന്‍ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. സുധീരന്‍ കെ.പി.സി.സി അധ്യtക്ഷനായ കാലഘട്ടത്തില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തണമെന്ന് എ.കെ ആന്റണിയുടെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ആ നീക്കം. ഇക്കാര്യം സുധീരന്‍ അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിലേക്ക് വീണ്ടും മടങ്ങാനില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ആ ചര്‍ച്ചകള്‍ അവസാനിച്ചശേഷം ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടവരുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.