ഡ്രാഗണ്‍ ഫ്രൂട്ട് എന്നത് ചൈനീസ് പേര്; കമലം എന്ന പേരു മാറ്റവുമായി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. താമര എന്ന അര്‍ഥം വരുന്ന കമലം എന്ന പേരിലാകും സംസ്ഥാനത്ത് ഇനി  ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല- മാധ്യമങ്ങളോട് വിജയ് രൂപാണി പറഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ കമലം എന്നു തന്നെ  ഡ്രാഗണ്‍ ഫ്രൂട്ടിനെ വിളിക്കാനാണ് തീരുമാനമെന്നും രൂപാണി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ സൂചിപ്പിക്കുന്ന പേരായ ‘ശ്രീ കമലം’  എന്നാണ് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാന മന്ദിരത്തിന്റെ പേരും. ഏതാനും വര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തിലെ ചില പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്.