ആതിരയുടെ മരണം: അമ്മയും മകളും തമ്മിലുള്ള ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത നീക്കാനാവാതെ പൊലീസ്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും കാരണം എന്താണെന്ന് ഒരു സൂചനയുമില്ല. മരിച്ച ആതിരയുടെയും ബന്ധുക്കളുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒന്നരമാസം മുന്‍പ് വിവാഹിതയായ ആതിരയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് ശരത്തിന്റെ വര്‍ക്കല മുത്താനയിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും കൈത്തണ്ടകളിലുമുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും പ്രാഥമിക തെളിവുകളെല്ലാം ആത്മഹത്യയെന്നാണ് സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച് കിടന്ന കുളിമുറി അകത്ത് നിന്ന് പൂട്ടിയതും മുറിവുണ്ടാക്കാനുപയോഗിച്ച കത്തി കുളിമുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയതും ആത്മഹത്യയുടെ തെളിവായി കാണുന്നതായി പൊലീസ് പറയുന്നു.

മരണം നടന്ന സമയത്ത് ഭര്‍ത്താവോ, മാതാപിതാക്കളോ വീട്ടിലില്ലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മര്‍ദനത്തിന്റെയോ ബലപ്രയോഗത്തിന്റെയോ മറ്റ് അടയാളങ്ങള്‍ ശരീരത്തില്‍ ഇല്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലേക്കെത്തുമ്പോഴും സന്തോഷത്തോടെ പുതുജീവിതത്തിലേക്ക് കടന്ന ഒരാള്‍ പെട്ടെന്നൊരു നിമിഷം എന്തിന് ജീവനൊടുക്കിയെന്നതാണ് ദുരൂഹമായി തുടരുന്നത്.

ഭര്‍ത്താവിനെയും മാതാപിതാക്കളെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും കുടുംബ വഴക്കിന്റെ ലക്ഷണങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു പൊലീസ് പറയുന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോളും പറഞ്ഞ മൊഴികളെല്ലാം ശരിയെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്.

ആതിര മരിച്ച ദിവസം ആതിരയുടെ അമ്മ വീട്ടിലെത്തിയത് സംശയത്തിന് ഇട നല്‍കിയിരുന്നു. അവരുടെ സാന്നിധ്യത്തിലാണ് കുളിമുറി തുറന്നതും. അമ്മ  ആതിരയുടെ ഭര്‍തൃവീട്ടിലെത്താനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ചെങ്കിലും വെറുതെ വന്നെന്നാണ് മൊഴി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ