നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രേക്ഷകർക്കിടയിൽ പരിചിതനായത്. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.

ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടു ദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.

ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിൽ സജീവമാകുന്നത്. ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും ഏവരും അറിയുന്നത് ‘കല്യാണരാമനിലെ’ രാമൻകുട്ടിയുടെ മുത്തച്ഛൻ എന്ന കഥാപാത്രത്തിലൂടെയാണ്. ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും തിളങ്ങി. പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും തമിഴകത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ