സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല’: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കും, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.