ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹിതനായി. സ്‌കൂള്‍ കാലം തൊട്ടുള്ള സുഹൃത്തായ നടാഷ ദലാല്‍ ആണ് വധു. മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധാവന്റെ മകനാണ് വരുണ്‍ ധവാന്‍. മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ. രാജേഷ് ദലാല്‍, ഗൗരി ദലാല്‍ എന്നിവരാണ് മാതാപിതാക്കള്‍.
കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുണ്‍ പറഞ്ഞിരുന്നു. 2020 മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിനെ തുടർന്നാണ് മാറ്റിവച്ചത്.
‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുണ്‍ ധവാന്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.
ബദലാപൂര്‍, ദില്‍വാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വരുണ്‍ അഭിനയിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ വരുണിന്റെ ‘ഒക്ടോബര്‍’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.