പോലീസില്‍ ഇരട്ട നീതിയെന്ന് അസ്സോസിയേഷന്‍ നേതാവ്

പോലീസ് സഹകരണ സംഘത്തിന്റെ മിനിട്സ് തിരുത്തിയെന്ന പേരില്‍ തന്നെ സസ്പെന്റ് ചെയതതിനു പിന്നില്‍ ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണെന്ന് പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത്ത്കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തനിക്ക് പോലീസില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സസ്പെന്‍ഷന്‍ ഓഡര്‍ തന്റെ കൈയില്‍ കിട്ടുന്നതിനു മുമ്പേ പത്രമാധ്യങ്ങളിലേക്ക് ഉത്തരവ് എത്തിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണം. സംഘം പ്രസിഡന്റ് സോമനാഥന്റെ പക്കലാണ് മിനിട്സ് ബുക്ക്. അദ്ദേഹമൊഴികെ ആരും മിനിട്സ് ബുക്ക് തിരുത്തിയതായി പറഞ്ഞിട്ടില്ല. സോമനാഥന്റെ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് വനിതാ ജീവനക്കാരും സംഘം സെക്രട്ടറിയും ഭരണസമിതി യോഗത്തില്‍ പരാതിപെട്ടിരുന്നതാണ്.

ഇതിന്റെ വൈരാഗ്യത്തിലാണ് സോമനാഥന്‍ തനിക്കെതിരെ പരാതി നല്‍കിയത്.
ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. സമ്മര്‍ദ്ധങ്ങള്‍ക്ക് അദ്ദേഹം വഴങ്ങാതിരുന്നതു കൊണ്ട് അദ്ദേഹത്തെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. സംഘത്തില്‍ സമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ സിറ്റികണ്‍സ്യൂമര്‍ സൊസൈറ്റിയില്‍ നടത്തിയ വന്‍സാമ്പത്തിക ക്രമക്കേടുകള്‍കൂടി പ്രചരിപ്പിക്കണമെന്ന് അജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
police-co-operative-societyവിജിലന്‍സിന്റെ അന്വേഷണം അച്ചടക്ക നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടും പലകേസുകളിലും തുടര്‍ നടപടികള്‍ വൈകുകയാണ്. എഫ്.ഐ.ആറില്‍ പേര് വന്നതിന്റെ പേരില്‍ തനിക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചതിലും ദുരൂഹതയുണ്ട്. എഫ്.ഐ.ആറില്‍ പേരുവന്നിട്ടും ഒരു നടപടിയും നേരിടാത്ത നിരവധി ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടെന്നും അജിത്ത് തന്റെ പോസ്റ്റില്‍ പറയുന്നു.

കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടും അദ്ദേഹത്തെ സസ്പെന്റ് ചെയ്തിട്ടില്ലെന്നും അജിത്ത് കുറ്റപ്പെടുത്തുന്നു. തന്റെ കാര്യത്തില്‍ മാത്രം ഇരട്ട നീതിയാണ് പോലീസ് നടപ്പിലാക്കുന്നത്.