പോക്കിരിരാജയുടെ രണ്ടാംഭാഗം; പൃഥ്വിരാജിന്റെ കാര്യത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സൂപ്പര്‍ ഹിറ്റ് ചിത്രമായ പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരുന്നു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ആദ്യ ഭാഗത്തില്‍ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനം എടുത്തിട്ടില്ല. കഥാ ചര്‍ച്ച നടത്തി. അതിന് ശേഷം വൈശാഖ് ആസ്ത്രേലിയയില്‍ വിനോദസഞ്ചാരത്തിന് പോയിരിക്കുകയാണ്. തിരിച്ചെത്തിയ ശേഷമേ കഥ പൂര്‍ണമായും വികസിപ്പിക്കൂ. അതിന് ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു.

ഉദയകൃഷ്ണയും സിബി കെ.തോമസും ചേര്‍ന്നാണ് ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയത്. എന്നാല്‍ രണ്ടാംഭാഗം ഉദയകൃഷ്ണ ഒറ്റയ്ക്കായിരിക്കും എഴുതുക. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക് പാടം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തില്‍ മമ്മൂട്ടിയുടെ രാജ ചെറുപ്പത്തില്‍ മധുരയില്‍ പോകുന്നതും പിന്നീട് കേരളത്തിലേക്ക് വരുന്നതുമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം രാജയുടെ ഇപ്പോഴത്തെ കേരളത്തിലെ ജീവിതം മാത്രമാണ് പറയുന്നതെന്നും ഉദയകൃഷ്ണ പറഞ്ഞു. അതുകൊണ്ട് പൃഥ്വിരാജിന് വലിയ സാധ്യത കാണുന്നില്ല.

മാത്രമല്ല പൃഥ്വിരാജും വൈശാഖും തമ്മില്‍ മാനസികമായി അടുപ്പത്തിലല്ല. മല്ലുസിംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്ത ശേഷം അവസാന നിമിഷം ചിത്രം നീട്ടിവയ്ക്കണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ വൈശാഖ് വഴങ്ങിയില്ല. അങ്ങനെയാണ് ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ് ചിത്രം പ്ലാന്‍ ചെയ്തത്. അന്ന് മുതല്‍ രാജുവിനെ തന്റെ ചിത്രങ്ങളില്‍ വൈശാഖ് കാസ്റ്റ് ചെയ്തിരുന്നില്ല. പോക്കിരിരാജ മമ്മൂട്ടിയുടെ ഏറ്റവും വലിയ കൊമേഴ്സ്യല്‍ വിജയങ്ങളിലൊന്നാണ്. രണ്ടാംഭാഗവും അങ്ങനെ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.