സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സുരാജ് വെഞ്ഞാറമൂടും കനി കുസൃതിയും പുരസ്‌കാരം ഏറ്റുവാങ്ങി

    തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം തലസ്ഥാന നഗരിയില്‍ നടന്നു. വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് നല്‍കിയത്. ഒപ്പം ജെ സി ഡാനിയേല്‍ പുരസ്‌കാരവും ഇന്ന് വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

    സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി. സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

    മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്.

    സിനിമാ വിഭാഗത്തിന് നാല് പ്രധാന പുരസ്‌കാരങ്ങളാണുള്ളത്. മികച്ച ചിത്രം (നാലു ലക്ഷം രൂപ), മികച്ച രണ്ടാമത്തെ ചിത്രം (മൂന്ന് ലക്ഷം), മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം (രണ്ടു ലക്ഷം), മികച്ച കുട്ടികളുടെ ചിത്രം (നാലു ലക്ഷം) എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.

    വ്യക്തിഗത ഇനങ്ങള്‍ ഇനിപ്പറയുന്നവയാണ്. ഇതില്‍ അഭിനയ വിഭാഗത്തില്‍ മികച്ച സംവിധാനം (രണ്ടു ലക്ഷം), മികച്ച നടന്‍ (ഒരു ലക്ഷം), മികച്ച നടി (ഒരു ലക്ഷം), മികച്ച സ്വഭാവ നടന്‍ (അന്‍പതിനായിരം), മികച്ച സ്വഭാവ നടി (അന്‍പതിനായിരം), മികച്ച ബാലതാരം (അന്‍പതിനായിരം) എന്നിവയാണ്.

    ടെക്‌നിക്കല്‍ കമ്മറ്റിയില്‍ ഇനിപ്പറയും പ്രകാരമാണ്. അന്പതിനായിരമാണ് ഈ വിഭാഗങ്ങളിലെ സമ്മാനത്തുക. മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച കഥ, മികച്ച എഡിറ്റിങ്, മികച്ച കലാ സംവിധാനം, മികച്ച സിങ്ക് സൗണ്ട്, മികച്ച ശബ്ദ മിശ്രണം, മികച്ച ശബ്ദ ഡിസൈന്‍, മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്, മികച്ച മേക്-അപ്പ്, മികച്ച വസ്ത്രാലങ്കാരം, മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, മികച്ച നൃത്തസംവിധാനം, മികച്ച നവാഗത സംവിധാനം എന്നിവ കൂടാതെ മികച്ച ജൂറി പുരസ്‌കാരവും നല്‍കപ്പെടുന്നുണ്ട്.

    സംഗീത വിഭാഗം: (സമ്മാനത്തുക: അന്‍പതിനായിരം വീതം) മികച്ച ഗാനരചന, മികച്ച സംഗീതസംവിധാനം (ഗാനം), മികച്ച പശ്ചാത്തലസംഗീതം, മികച്ച പിന്നണി ഗായകന്‍, മികച്ച പിന്നണി ഗായിക.